പഴവിളയ്ക്കും കവിതയ്ക്കും കരുത്തായി രാധ

Thursday 24 January 2019 12:50 AM IST

തിരുവനന്തപുരം: പഴവിളയുടെ ചിന്തകൾക്ക് തീപിടിക്കുമ്പോൾ,​ ഭാവനകൾ അഗ്നിശലഭങ്ങളാകുമ്പോൾ ഒരു വിളിയാണ്: ''രാധേ... !'' വിളി കേട്ട് ഭാര്യ ഓടിയെത്തും. പഴവിള രമേശന്റെ നാവിലൂടെ പുറത്തു വരുന്ന കവിത രാധ പേപ്പറിലേക്കു പകർത്തും.

കുറച്ചു നാളായി ഇങ്ങനെയാണ്. സമഗ്ര സംഭാവനയ്ക്ക് സാഹിത്യ അക്കാഡമി അവാർഡ് നേടിയെന്ന വാർത്ത അറിഞ്ഞപ്പോഴും ഭർത്താവിന്റെ നേട്ടത്തിലുള്ള സന്തോഷം അധികം പുറത്തുകാട്ടാതെ രാധ അടുത്തുണ്ട്.

പേന പിടിച്ച് എഴുതിയാൽ വിരലുകൾ വിറകൊണ്ട് അക്ഷരങ്ങൾ പാളും. 18 വർഷമായി എഴുന്നേറ്റു നിൽക്കാനാവില്ല. വലതുകാൽ മുറിച്ചുമാറ്റപ്പെട്ടു. ആ കുറവു നികത്തുന്നത് രാധയാണ്. കവിതകൾ കേട്ടെഴുതി,​ ഇനി ഇവൾ സ്വന്തമായി കവിതയെഴുതിയാലും അത്ഭുതപ്പെടാനില്ലെന്ന് പഴവിള പറയുമ്പോൾ അദ്ദേഹത്തിന്റെ ഉടുപ്പും മുണ്ടും നേരെ പിടിച്ചിടുകയായിരുന്നു രാധ.

എഴുപതു വർഷമായി എഴുത്തു തുടങ്ങിയിട്ട്. ഇപ്പോഴാണ് സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നത്. അവാർഡ് കിട്ടാൻ പ്രതിഭയും പ്രയത്നവും വേണമെന്നാണ്. പ്രതിഭ എനിക്കുണ്ടെന്നാണ് മറ്റുള്ളവർ പറയുന്നത്. പ്രയത്നം എനിക്കില്ലെന്ന് ഞാൻ പറയും- പഴവിള രമേശൻ പറ‌ഞ്ഞു. പതിനേഴാം വയസിൽ പത്രപ്രവർത്തകനായി. കൗമുദിയിലും ജനയുഗത്തിലും ജോലി ചെയ്തു. എഴുത്തിന്റെ തീഷ്ണതയും തന്റേടവും കിട്ടിയത് കെ.ബാലകൃഷ്ണൻ, എൻ.വി.കൃഷ്ണവാര്യർ തുടങ്ങിയവരിൽ നിന്നാണ്. ഒറ്റപ്പെട്ടവനായി എന്ന് മറ്റുള്ളവർക്കു തോന്നുന്ന ജീവിതമാണ് ഇപ്പോൾ എന്റേത്. ഈ അവസ്ഥയിലും ഒറ്റപ്പെട്ടുവെന്ന ചിന്തയില്ല. കാൽ നഷ്ടപ്പെട്ട ശേഷമാണ് എഴുത്ത് കൂടിയത്- പഴവിള പറയുന്നു. അടുത്ത കാലത്താണ് പഴവിള രമേശന്റെ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്- ഉടൽ, പ്രയാണപുരുഷൻ എന്നിവ.