3,600 വജ്രക്കല്ലുകൾ പതിപ്പിച്ച അത്യാഢംബര മാസ്ക്

Tuesday 27 October 2020 11:41 AM IST

കൊവിഡ് പ്രതിരോധ മാർഗമെന്ന നിലയിലാണ് മാസ്ക്കിന്റെ ഉപയോഗം വ്യാപകമായത്. എന്നാൽ, ഇന്ന് ഫാഷൻ ലോകത്ത് പുത്തൻ ട്രെൻഡ് സെറ്ററായി മാറിയിരിക്കുകയാണ് മാസ്ക്കുകൾ. വൈവിദ്ധ്യമേറിയ ഒട്ടനേകം മാസ്ക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ആഢംബരപ്രിയരായ മനുഷ്യർ മാസ്ക്കിലും സ്വർണവും വൈരക്കല്ലുകളും ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തിവരികയാണ്.

ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌കിന്റെ നിർമ്മാണത്തിലാണ് ഇസ്രായേലിലെ ഒരു ജുവലറി.18 കാരറ്റ് സ്വർണ്ണത്തിൽ വെളളയും കറുപ്പും നിറത്തിലുളള 3,600 വജ്രക്കല്ലുകൾ പിതിപ്പിച്ചാണ് ഈ അത്യപൂർവ്വ മാസ്ക് നിർമ്മിക്കുന്നത്. ഏകദേശം 1.5 മില്യൺ ഡോളർ വിലവരുമെന്നാണ് കണക്കാക്കുന്നത്. ഒരു ഉപഭോക്താവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മാസ്‌ക് നിർമ്മിക്കുന്നത് എന്നാണ് ജുവലറി അധികൃതർ പറയുന്നത്. ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് ആയിരിക്കണമെന്നും ഈ വർഷം തന്നെ നിർമ്മാണം പൂർത്തിയാക്കണമെന്നും രണ്ടു നിർദ്ദേശങ്ങളാണ് മാസ്‌ക് നിർമ്മാണത്തിനായി ജുവലറിയെ സമീപിച്ച ഉപഭോക്താവ് മുന്നോട്ട് വച്ചതെന്ന് യ്വെൽ കമ്പനിയുടെ ഉടമസ്ഥനായ ലെവി അറിയിച്ചു.

ഏറ്റവും വില കൂടിയ മാസ്‌ക് വേണമെന്ന ഉപഭോക്താവിന്റെ ആവശ്യം തങ്ങളെ സംബന്ധിച്ച് വളരെ നിസ്സാരമാണെന്നും ലെവി അറിയിച്ചു. എന്നാൽ, മാസ്ക് ഓർഡർ ചെയ്ത ഉപഭോക്താവിനെ കുറിച്ചുളള വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.