പത്താമുദയത്തിനെത്തി 'എരുതും മരമീടനും'
കാഞ്ഞങ്ങാട്: തുലാപ്പത്തിന് പോയകാല കാർഷികസംസ്കൃതിയുടെ ഓർമ്മപുതുക്കി എരുതുകളിയും മരമീടനും. കൊവിഡ് പ്രോട്ടോക്കാൾ നിലവിലുള്ളതിനാൽ ചുരുക്കം ചില വീടുകളിൽ മാത്രമായിരുന്നു എരുതുകളി എത്തിയത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാൽ കൊടിയംകുണ്ട് കോളനിയിലാണ് ഇന്നലെ അലങ്കരിച്ച കാളയുടെ രൂപമേന്തി ചിലങ്ക കെട്ടി പ്രത്യേക താളത്തിലുള്ള എരുതുകളി നടന്നത്. ചെണ്ടയുടെ അകമ്പടിയോടെയാണ് എരുതിന്റെ (കാളയുടെ) രൂപവും കണ്ണുതട്ടാതിരിക്കുന്നതിനായുള്ള മരമീടനും നൃത്തം ചവിട്ടിയത്. മാവില സമുദായങ്ങളാണ് ഇവ കൊണ്ടാടുന്നത്. പഴയകാലത്ത് മലയോരമേഖലയിലെ മിക്കയിടത്തും എരുതുകളി അരങ്ങേറിയിരുന്നു. ആളുകളെ ചിരിപ്പിക്കുന്നതാണ് മരമീടന്റെ പ്രകടനം. മലവേട്ടുവ വിഭാഗത്തിൽപ്പെട്ടവരാണ് മരമീടൻ കെട്ടുന്നത് . കാളയുടെ രൂപം ഉണ്ടാക്കിയശേഷം വച്ചൊരുക്കൽ ചടങ്ങോടെയാണ് തുടക്കം. അവൽ, മലർ, പഴം എന്നിവ കാളരൂപത്തിനു മുന്നിൽ വച്ച് തൊട്ട് നമസ്‌കരിച്ച ശേഷമാണ് എഴുന്നള്ളത്ത്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട എല്ലാ വീടുകളിലും കാളയെ കൊണ്ടുപോകും. കൂടെ മരമീടനുമുണ്ടാകും. അവിടെനിന്നും ലഭിക്കുന്ന തുണികളും അരിയും എല്ലാം എരുതുകളിക്കാർ സ്വീകരിക്കും.