കൂട്ടുപലിശ തിരിച്ചുനൽകാൻ ബാങ്കുകളോട് റിസർവ് ബാങ്കും

Wednesday 28 October 2020 3:06 AM IST

 കിട്ടാക്കടമല്ലാത്ത ₹2 കോടിയിൽ താഴെ വായ്‌പയുള്ളവർക്ക് നേട്ടം

മുംബയ്: മോറട്ടോറിയം കാലത്തെ വായ്‌പകൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൂട്ടുപലിശ ഇളവ് പദ്ധതി ഉടൻ നടപ്പാക്കാൻ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്കിന്റെ നിർദേശം. കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലെ വ്യാത്യാസമാണ് ഇടപാടുകാർക്ക് തിരികെ ലഭിക്കുക. മോറട്ടോറിയം പ്രയോജനപ്പെടുത്തിയവർക്കും അല്ലാത്തവർക്കും പദ്ധതിയുടെ നേട്ടം ലഭിക്കും.

കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് ഒന്നുമുതൽ ആഗസ്‌റ്റ് 31 വരെയുള്ള ആറുമാസത്തെ വായ്‌പാതിരിച്ചടവുകൾക്കാണ് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇക്കാലയളവിൽ വായ്‌പാത്തവണ തിരിച്ചടയ്ക്കേണ്ടെങ്കിലും പലിശ ഈടാക്കുമെന്ന് ബാങ്കുകൾ പറഞ്ഞിരുന്നു. ഇക്കാലയളവിലെ ഓരോ മാസത്തെ പലിശയും മുതലിനോട് ചേർത്ത് കൂട്ടുപലിശ ഈടാക്കാനായിരുന്നു നീക്കം.

ഈ കൂട്ടുപലിശ 'എക്‌സ്- ഗ്രേഷ്യാ" പേമെന്റായി ഉപഭോക്താക്കൾക്ക് തിരിച്ചുനൽകുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. ബാങ്കുകൾക്കുണ്ടാകുന്ന 6,500 കോടി രൂപയോളം വരുന്ന ബാദ്ധ്യത കേന്ദ്രസർക്കാർ തീർക്കും. നവംബർ അഞ്ചിനകം കൂട്ടുപലിശ തിരികെ നൽകുമെന്നാണ് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

ആർക്കാണ് യോഗ്യത?

2020 ഫെബ്രുവരി 29 വരെയുള്ള കണക്കുപ്രകാരം കിട്ടാക്കടം (എൻ.പി.എ) അല്ലാത്ത രണ്ടു കോടി രൂപയ്ക്ക് താഴെയുള്ള വായ്‌പകൾക്കാണ് കൂട്ടുപലിശ തിരിച്ചുകിട്ടുക.

ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി), ഭവന വായ്‌പാ സ്ഥാപനങ്ങൾ (എച്ച്.എഫ്.സി) എന്നിവിടങ്ങളിൽ നിന്നുള്ള വായ്‌പകൾക്ക് ഇതു ബാധകമാണ്.

കൂട്ടുപലിശ തിരികെ കിട്ടാൻ യോഗ്യത ഇവർക്കാണ്:

 എം.എസ്.എം.ഇ വായ്‌പ

 വിദ്യാഭ്യാസ വായ്‌പ

 ഉപഭോക്തൃ വായ്‌പ

 ക്രെഡിറ്റ് കാർഡ് കുടിശിക

 വാഹന വായ്‌പ

 പ്രൊഫഷണലുകൾക്കുള്ള വ്യക്തിഗത വായ്‌പ

 കൺസ്യൂമർ ഡ്യൂറബിൾ വായ്‌പ

മോറട്ടോറിയം

ഇല്ലാത്തവർക്കും നേട്ടം

റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഭാഗികമായോ പൂർണമായോ എടുത്തവർക്കും മോറട്ടോറിയം വേണ്ടെന്നുവച്ചവർക്കും കൂട്ടുപലിശ തിരിച്ചുകിട്ടും. ഇതിനകം ബാങ്കുകൾ കൂട്ടപലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ അതും തിരികെ ലഭിക്കും.

എത്ര തുക

തിരിച്ചുകിട്ടും?

യോഗ്യരായ ഓരോ വിഭാഗം വായ്‌പകൾക്കും വായ്‌പാത്തുക, പലിശ എന്നിവ അനുസരിച്ചുള്ള എക്‌സ്-ഗ്രേഷ്യാ പേമെന്റാണ് തിരികെ ലഭിക്കുക. മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശയും പതിവ് പലിശയും തമ്മിലെ അന്തരമാണ് തിരിച്ച് അക്കൗണ്ടിൽ കിട്ടുക. ഉദാഹരണം നോക്കാം:

 വായ്‌പാത്തുക ₹30 ലക്ഷം

 പലിശനിരക്ക് : 7.50%

 മോറട്ടോറിയം കാലത്തെ കൂട്ടുപലിശ : ₹1,14,272

 വായ്‌പയുടെ സാധാരണ പലിശ : ₹1,12,500

 എക്‌സ്‌-ഗ്രേഷ്യ : ₹1,14,272-₹1,12,500 = ₹1,722