അഭയക്കേസ്: പ്രതികളെ പിടിക്കാൻ നാർക്കോ പരിശോധന സഹായിച്ചെന്ന് സി.ബി.എെ

Wednesday 28 October 2020 1:51 AM IST

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് പ്രതികളെ പിടിക്കാൻ നാർക്കോ അനാലിസിസ് ടെസ്റ്റിലൂടെയാണ് കഴിഞ്ഞതെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ ആർ.കെ. അഗർവാൾ പറഞ്ഞു. ഡൽഹി യൂണിറ്റിലെ ഡിവൈ.എസ്.പിയായിരുന്ന അഗർവാൾ സാക്ഷി വിസ്താരത്തിനിടെയാണ് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്. സനിൽ കുമാറിനോട് ഇക്കാര്യം വ്യക്തമാക്കിയത്. നാർക്കോ പരിശോധന സംബന്ധിച്ച ചോദ്യങ്ങൾ ഹൈക്കോടതി വിലക്കിയിരിക്കുന്നതിനാൽ ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യങ്ങളോ മറ്റ് വിവരങ്ങളോ ചോദിക്കാൻ പ്രോസിക്യൂഷനെ അനുവദിക്കരുതെന്ന് പ്രതി ഭാഗം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. ആർ.കെ. അഗർവാളായിരുന്നു പ്രതികളെ നാർക്കോ അനാലിസിസിന് വിധേയരാക്കാൻ ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. നിർണായക സാക്ഷിയായിരുന്ന മോഷ്ടാവ് അടയ്‌ക്കാരാജുവിന്റെ മൊഴി എടുത്തതും അഗർവാളായിരുന്നു.

മറ്റൊരു പ്രധാന സാക്ഷിയായ സഞ്ജു പി. മാത്യൂവിന്റെ മൊഴി രേഖപ്പെടുത്തിയ മുൻ എസ്.പി വർക്കിയെയും കോടതി സാക്ഷിയായി വിസ്തരിച്ചു. എന്നാൽ കേസിന്റെ വിസ്താര വേളയിൽ സി.ബി.ഐ ഭീഷണിപ്പെടുത്തിയാണ് മൊഴി എടുത്തതെന്ന് പറഞ്ഞ് സഞ്ജു കൂറുമാറിയിരുന്നു. മൊഴി കോടതിയിൽ മാറ്റി പറഞ്ഞ സഞ്ജുവിനെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സി.ബി.ഐക്ക് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.നവാസ് കോടതിയിൽ ഹാജരായി.