മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണൽ സെക്രട്ടറിമാർക്കും സ്വർണക്കടത്തിൽ പങ്കുണ്ട്; പിണറായിയുടെ നിർദേശങ്ങളാണ് ശിവശങ്കർ നടപ്പാക്കിയതെന്ന് കെ സുരേന്ദ്രൻ

Wednesday 28 October 2020 2:35 PM IST

കൊച്ചി: സ്വ‍ർണക്കടത്തിൽ തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വ‍ർണക്കടത്തിലെ ​ഗൂഢാലോചനയിൽ ഒന്നാമൻ മുഖ്യമന്ത്രിയാണ്. പിണറായിയുടെ നിർദേശങ്ങളാണ് എം. ശിവശങ്കർ നടപ്പാക്കിയത്. മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണൽ സെക്രട്ടറിമാർക്കും സ്വർണക്കടത്തിൽ പങ്കുണ്ട്. ഇതേക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സ്വർണക്കടത്തിന് ഇടനിലക്കാരനായി നിന്നത് ശിവശങ്കറും സ്വപ്‌നയുമാണ്. മുഖ്യമന്ത്രി വിദേശത്ത് പോവുന്നതിന് മുന്നേ സ്വപ്‌നയും ശിവശങ്കറും വിദേശത്ത് പോയി. പല വ്യവസായ പ്രമുഖരുമായും ഇവർ സംസാരിച്ചിട്ടുണ്ട്. പല സന്നദ്ധ സംഘടനകളുടേയും പേര് പറഞ്ഞ് കേരളത്തിലേക്ക് പണം വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ആസൂത്രണം നടത്തിയത് ശിവശങ്കർ മാത്രമാണ് എന്ന് കരുതാൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി അറിയാതെ ശിവശങ്കറിന് വിദേശ സന്ദർശനം നടത്താൻ കഴിയില്ല. വിദേശത്ത് ആശയ വിനിമയം നടത്താനും കഴിയില്ല. ധന സഹായം ലഭിക്കാനും പണം കേരളത്തിലേക്ക് കൊണ്ടുവരാനും കഴിയില്ല. കൊണ്ടുവന്നിട്ടുളള പണത്തിന്റെ ഒരുഭാഗം ലൈഫ് മിഷനിലേക്കാണ് പോയത്. ശിവശങ്കറും സ്വപ്‌ന സുരേഷും വിദേശത്ത് നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ധനസഹായം ലൈഫ് മിഷനുവേണ്ടി വന്നത്. അന്വേഷണം ശരിയായ രീതിയിൽ പൂർത്തിയാക്കണമെങ്കിൽ കേരളത്തിലേക്ക് വന്ന മറ്റ് ധനസഹായവും പരിശോധിക്കണമെന്നും ഏതൊക്കെ സംഘടനകൾ ഇതിന്റെ പിന്നിലുണ്ടെന്ന് അന്വേഷിക്കണം. കേരളത്തിലേക്ക് എത്ര കോടി ധനസഹായം പ്രളയാനന്തരം എത്തിയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.