ജൻധൻ അക്കൗണ്ട് തുറക്കാൻ വൻ തിരക്ക്

Thursday 29 October 2020 3:54 AM IST

ന്യൂഡൽഹി: സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ലൂഷൻ) കാമ്പയിന്റെ ഭാഗമായി, എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച 'പ്രധാനമന്ത്രി ജൻധൻ യോജന" പ്രകാരം പുതിയ അക്കൗണ്ട് തുറക്കാൻ കൊവിഡ് കാലത്ത് വൻ തിരക്ക്. ഏപ്രിൽ ഒന്നിന് ശേഷം ഇതുവരെ തുറന്നത് മൂന്നുകോടിയോളം അക്കൗണ്ടുകളാണെന്നും അവയിലൂടെ മൊത്തം 11,060 കോടി രൂപയുടെ നിക്ഷേപമെത്തിയെന്നും എസ്.ബി.ഐ റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

നിലവിൽ 41 കോടി ജൻധൻ അക്കൗണ്ടുകളാണുള്ളത്; മൊത്തം നിക്ഷേപം 1.31 ലക്ഷം കോടി രൂപയും. ഏപ്രിലിൽ ജൻധൻ അക്കൗണ്ടിലെ ശരാശരി നിക്ഷേപം 3,400 രൂപയായിരുന്നത് സെപ്‌തംബറിൽ 3,168 രൂപയായി താഴ്‌ന്നെങ്കിലും ഒക്‌ടോബറിൽ അത് 3,185 രൂപയായി മെച്ചപ്പെട്ടു. കൊവിഡും ലോക്ക്ഡൗണും സാമ്പത്തികഞെരുക്കം സൃഷ്‌ടിക്കുന്ന ആശങ്കയാൽ മുൻകരുതൽ എന്നോണം ഒട്ടേറെപ്പേർ ജൻധൻ അക്കൗണ്ട് തുറന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വിവിധ സബ്‌സിഡികൾ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് ഭൂരിഭാഗം ജൻധൻ അക്കൗണ്ടുകളും.