ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും വാദങ്ങൾ തെറ്റ്, മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ വിജയ് പി. നായർ ഹൈക്കോടതിയിൽ

Thursday 29 October 2020 4:15 PM IST

കൊച്ചി : വിവാദ വീഡിയോ പോസ്‌റ്റ് ചെയ്ത യൂട്യൂബറെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെയും മറ്റും മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ മർദ്ദനമേറ്റ വിജയ് പി. നായർ ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പിന് തന്നെക്കൂടി കേൾക്കണമെന്ന് വിജയ് പി. നായർ ആവശ്യപ്പെട്ടു.

തന്റെ ഫോണും ലാപ്ടോപും താൻ സ്വയം കൈമാറിയതാണെന്നും താൻ പറഞ്ഞത് പ്രകാരമാണ് അവർ വന്നതെന്നുമുള്ള ജാമ്യഹർജിയിലെ വാദങ്ങൾ തെറ്റാണ്. അവർ തന്റെ താമസസ്ഥലത്തെത്തി കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്നും വിജയ് പി. നായർ അപേക്ഷയിൽ പറയുന്നു.

സെപ്റ്റംബർ‌ 26ന് നടന്ന സംഭവം അവർ ചിത്രീകരിച്ച ഫോൺ പൊലീസ് കണ്ടെടുത്തിട്ടില്ലെന്നും ഭാഗ്യലക്ഷ്മിയേയും സംഘത്തെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും വിജയ് പി നായർ അപേക്ഷയിൽ ആവശ്യപ്പെടുന്നു. ഭാഗ്യലക്ഷ്മിയും സംഘവും നൽകിയ മുൻകൂർ ജാമ്യഹർജിയുടെ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്നാണ് കോടതി അറിയിച്ചിരുന്നു.