26ന് ദേശീയ പണിമുടക്ക് ജില്ലയിൽ മുന്നൊരുക്കം
കൊച്ചി: പൊതുമേഖലാ സ്വകാര്യവത്കരണം, തൊഴിൽ നിയമഭേദഗതികൾ, കാർഷികമേഖല കുത്തകവത്കരിക്കൽ തുടങ്ങി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനദ്രോഹ- തൊഴിലാളി- കർഷകദ്രോഹ നയങ്ങൾക്കെതിരെ ദേശീയ ട്രേഡ് യൂണിയനുകൾ 26ന് നടത്തുന്ന ദേശീയ പണിമുടക്കിന് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ.
3, 4, 5 തീയതികളിൽ നിയമസഭാ മണ്ഡലങ്ങളിലും 11നും 20 നുമിടയിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലും കൺവെൻഷനുകൾ ചേരാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. 9, 10 തീയതികളിൽ സ്ഥാപനങ്ങൾക്ക് പണിമുടക്ക് നോട്ടീസ് നൽകും. വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സംയുക്ത പൊതുയോഗങ്ങളും ചേരും. 21ന് തൊഴിലിടങ്ങളിലും വീടുകൾക്കു മുന്നിലും മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ പിടിച്ച് അഞ്ചിൽകൂടാത്ത തൊഴിലാളികളുടെ പ്രതിഷേധസമരം സംഘടിപ്പിക്കും. 22 മുതൽ 25 വരെ തൊഴിലാളികൾ ചെറുസംഘങ്ങളായി വ്യാപാരകേന്ദ്രങ്ങളിലും, മാർക്കറ്റുകളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രകടനങ്ങൾ സംഘടിപ്പിക്കും. 25ന് എല്ലാ വ്യാപാര കേന്ദ്രങ്ങളിലും, മാർക്കറ്റുകളിലും, പൊതുഇടങ്ങളിലും പന്തംകൊളുത്തി പ്രകടനങ്ങൾ സംഘടിപ്പിക്കും. ഹൈബി ഈഡൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ. മണിശങ്കർ, കെ. ചന്ദ്രൻപിള്ള, കെ.കെ. ഇബ്രാഹിംകുട്ടി, കെ.എം. രാധാകൃഷ്ണൻ, പി.എം. ദിനേശൻ, മനോജ് പെരുമ്പിള്ളി, എം. ജീവകുമാർ, രഘുനാഥ് പനവേലി, കെ.എൻ. ഗോപിനാഥ്, വി.പി. ജോർജ്, വി.യു. ഹംസക്കോയ തുടങ്ങിയവർ സംസാരിച്ചു. കെ.എൻ. ഗോപി സ്വാഗതവും എം. അനിൽകുമാർ നന്ദിയും പറഞ്ഞു.