അടൂർ റിംഗ് റോഡ് : അഴിയുമോ ചുവപ്പുനാട ?

Friday 30 October 2020 12:56 AM IST

അടൂർ : കൊവിഡിൽ കുരുങ്ങിയും പൊതുമരാത്ത് വകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ഉടക്ക് ന്യായങ്ങളും കാരണം അടൂരിലെ റിംഗ് റോഡ് പദ്ധതി ഫയലിലൊതുങ്ങി. 2017 - 18 വർഷത്തെ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ഇടംപിടിച്ച പദ്ധതിയാണിത്. 20 കോടി രൂപയാണ് ഇതിനായി ബഡ്ജറ്റിൽ വകയിരുത്തിയത്. അതിനു ശേഷം രണ്ട് ബഡ്ജറ്റുകൾ അവതരിപ്പിച്ചു. അതിൽ ഇടംപിടിച്ച പദ്ധതികളുടെ നിർമ്മാണം തുടങ്ങിയിട്ടും അടൂരിലെ റിംഗ് റോഡ് പദ്ധതി എങ്ങുമെത്തിയില്ല . അടൂർ ഹോളി ക്രോസ് ജംഗ്ഷനിൽ നിന്ന് പ്ളാവിളത്തറയിലെത്തി അവിടെനിന്ന് കനാൽ കരയിലൂടെ കോട്ടപ്പുറത്ത് എം. ജി റോഡിനേയും പന്നിവിഴ ക്ഷേത്രം ജംഗ്ഷനിൽ അടൂർ - കൈപ്പട്ടൂർ റോഡിനേയും പറക്കോട് ടി. ബി. ജംഗ്ഷൻ മുതൽ കോട്ടമുകൾ വരെ കെ. പി റോഡിനേയും മുറിച്ച് നെല്ലിമൂട്ടിൽപടിക്ക് മുകളിലായി എം. സി റോഡിൽ പ്രവേശിക്കും വിധമാണ് നിർദ്ദിഷ്ട റിംഗ് റോഡ്. കെ. ഐ. പി പൊന്നും വിലയ്ക്കേറ്റെടുത്ത ഇൻസ്പെക്ഷൻ റോഡ് കടന്നുപോകുന്ന ഭാഗത്തുകൂടിയാണ് റിംഗ് റോഡും പോകുന്നത്. ബഡ്ജറ്റിൽ തുക വകയിരുത്തിയതോടെ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ പൊതുമരാമത്തുവകുപ്പ് സർവേ നടത്തി. മൂന്ന് പ്രധാന പാലങ്ങളും റോഡിന്റെ അലൈമെന്റ്സും സബന്ധിച്ച പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കാനായി പൊതുമരാമത്ത് വകുപ്പിലെ ടെക്നിക്കൽ വിഭാഗത്തിന്റെ കൈവശമാണ് പദ്ധതിയുടെ ഫയൽ. കെ. ഐ. പി യുടെ സ്ഥലം ആയതിനാൽ പൊന്നുംവില നൽകേണ്ടി വരും എന്ന സാങ്കേതിക തടസവും ചില ഉദ്യോഗസ്ഥർ ഉന്നയിച്ചതോടെയാണ് ഇപ്പോഴത്തെ പ്രധാന അനിശ്ചിതത്വം. റിംഗ് റോഡ് വികസനത്തിനായി കെ. ഐ. പി സ്ഥലം പൊതുമരാത്ത് വകുപ്പിന് കൈമാറണം. ഇതിനുള്ള അനുമതിക്കായി ചിറ്റയം ഗോപകുമാർ എം. എൽ. എ ജലസേചനവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

അനുകൂല ഘടകങ്ങൾ

  • സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല.
  • റോഡ് നിർമ്മാണത്തിനാവശ്യമായ പുറമ്പോക്ക് ഭൂമി കനാൽ കരയിൽത്തന്നെയുണ്ട്.
  • ചിലകുടിയേറ്റക്കാരെ ഒഴുപ്പിക്കേണ്ടിവരും.
  • ഫലത്തിൽ സ്ഥലം ഏറ്റെടുപ്പില്ലാതെ നഗരത്തിൽ പുതിയൊരു റോഡ് വികസിപ്പിക്കാം. നഗരത്തിൽ ഗതാഗതകുരുക്ക് ഉണ്ടായാൽ ഗതാഗതം വിരിച്ചു വിടാനാകും.
  • അടൂരിന്റെ സമഗ്ര വികസനത്തിന് വഴിതെളിക്കും.

ഒരു മാസം മുൻപ് നടത്തിയ കിഫ്ബി അവലോകന യോഗത്തിൽ ഡിസൈൻവിഭാഗം വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശം നൽകികഴിഞ്ഞു. പദ്ധതി ഒരു കാരണവശാലും നഷ്ടമാകില്ല.

ചിറ്റയം ഗോപകുമാർ എം. എൽ. എ

നീളം : 8.40 കിലോമീറ്റർ

വീതി : 10 മീറ്റർ

ബഡ്ജറ്റിൽ അനുവദിച്ച ടോക്കൺ തുക : 20 കോടി.