എ.കെ.ജി സെന്ററിന് മുന്നിൽ സുരക്ഷയൊരുക്കി പൊലീസ്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനന്റെ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.
എ.കെ.ജി സെന്ററിന് മുന്നിലേക്ക് വിവിധ സംഘടനകൾ പ്രതിഷേധമാർച്ച് നടത്തുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിച്ചത്.എ.കെ.ജി സെന്ററിന് സമീപമുള്ള ഇടറോഡുകൾ ബാരിക്കേഡ് വച്ച് പൊലീസ് അടച്ചിരുന്നു.രാത്രി 7നാണ് ബാരിക്കേഡുകൾ മാറ്റിയത്. 10 പൊലീസുകാരെ ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
എന്നാൽ ബി.ജെ.പിയുടെയോ യുവമോർച്ചയുടേയോ നേതൃത്വത്തിൽ ഇവിടേക്ക് മാർച്ച് നടത്തില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് വ്യക്തമാക്കി. യുവമോർച്ച മാർച്ചുണ്ടാകുമെന്ന വാർത്ത പരന്നതോടെ, സി.പി.എം പ്രവർത്തകരും എ.കെ.ജി സെന്ററിന് മുന്നിൽ തടിച്ചു കൂടി .200ഓളം പാർട്ടി പ്രവർത്തകർ എത്തിയിരുന്നു. മുൻ എം.എൽ.എ വി.ശിവൻകുട്ടി അടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി.
ഡി.സി.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് സുരക്ഷ . മന്ത്രിമാരുടെയും മറ്റും സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.