കൊവിഡ് പ്രതിസന്ധി മറികടക്കാൻ കിഫ്ബിയുടെ 60,000 കോടി:ഐസക്

Friday 30 October 2020 12:25 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കിഫ്ബി വഴി 60,000 കോടിയുടെ ഉത്തേജക പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കൊവിഡ് കാരണം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ടൂറിസം മേഖലയിലെ പ്രതിസന്ധി ഗുരുതരമാണ്. ഉദ്പാദനരംഗത്ത് വലിയ ഇടിവുണ്ടായി. തൊഴിലില്ലായ്മ രൂക്ഷമായി. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി കൂടി.

കേരള സർവകലാശാലയുടെ അമ്പത്തിരണ്ടാഴ്ച നീണ്ടുനിൽക്കുന്ന 'മീ​റ്റ് ദ സ്‌കോളർ' സംവാദ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികളുമായി സർവകലാശാല വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അദ്ധ്യാപകർക്കും ആശയവിനിമയം നടത്താൻ ഈ സംവാദങ്ങൾ ഉപകരിക്കും. 'കേരളത്തിന്റെ സാമ്പത്തികസ്ഥിതി കൊവിഡിന്റെ പശ്ചാത്തലത്തിൽ' എന്ന വിഷയത്തിൽ ധനമന്ത്രി സംവാദം നടത്തി. വൈസ് ചാൻസലർ ഡോ വി.പി.മഹാദേവൻ പിള്ള അദ്ധ്യക്ഷനായി. പി.വി.സി ഡോ. പി.പി.അജയകുമാർ, സിൻഡിക്കേ​റ്റംഗങ്ങളായ കെ.എച്ച്.ബാബുജാൻ, കെ.ജി.ഗോപ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.