20 രൂപയ്ക്ക് ഉച്ചയൂണുമായി 749 ജനകീയ ഹോട്ടലുകൾ

Friday 30 October 2020 12:00 AM IST

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ഉച്ചയൂണ് നൽകുന്നതിനായി പ്രഖ്യാപിച്ച 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഇതുവരെ ആരംഭിച്ചത് 749 ജനകീയ ഹോട്ടലുകൾ. 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന ഹോട്ടലുകളിൽ 629 എണ്ണം ഗ്രാമതലത്തിലും 120 എണ്ണം ജനകീയ തലത്തിലുമാണ് ആരംഭിച്ചത്.

ഓരോ ദിവസവും ശരാശരി 60,000 ഊണുകൾ ഈ ഹോട്ടലു വഴി വിതരണം ചെയ്യുന്നുണ്ടെന്ന് കുടുംബശ്രീ മിഷൻ അറിയിച്ചു. ഈ പദ്ധതി വഴി 3278 കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരവരുമാനവും ലഭിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതുവിതരണ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഓരോ ഊണിനും 10 രൂപ സബ്‌സിഡി കുടുംബശ്രീ മുഖാന്തരം നൽകുന്നുണ്ട്. ഹോട്ടലുകളുടെ നടത്തിപ്പിന് ആവശ്യമായ പാത്രം ഉൾപ്പെടെയുള്ള ഉപകരണം വാങ്ങിക്കുന്നതിന് 40,000 രൂപ വരെ കുടുംബശ്രീ ധനസഹായം നൽകുന്നു. ഹോട്ടൽ നടത്തിപ്പിനുള്ള സ്ഥലം,​ വാടക, വൈദ്യുതി, ജലം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നൽകുന്നത്.