അംബേദ്കർ ഗ്രാമങ്ങൾ കോളനികളുടെ മുഖച്ഛായ മാറ്റി: മന്ത്രി ബാലൻ
തിരുവനന്തപുരം: അംബേദ്കർ ഗ്രാമങ്ങളിലൂടെ പട്ടികവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്താൻ കഴിഞ്ഞതായി മന്ത്രി എ.കെ. ബാലൻ. പണി പൂർത്തിയായ 15 അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനവും ഒൻപത് അംബേദ്കർ ഗ്രാമങ്ങളുടെ നിർമ്മാണോദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാറശ്ശാലയിലെ പുല്ലച്ചൽകോണം, പള്ളിത്തറ, ആറ്റിങ്ങലിലെ തെന്നൂർ ഈന്തന്നൂർ വാഴ് വേലി, കാട്ടാക്കടയിലുള്ള നിലമേൽ, വാമനപുരത്തെ ഏരുമല, നേമത്തെ ആഴാങ്കൽ 44 ാം നഗർ, പൂഴിക്കുന്നിൽ പറങ്കിമാംവിള എന്നിങ്ങനെ ഏഴു കോളനികളുടെ പണികളാണ് തിരുവനന്തപുരത്ത് പൂർത്തിയായത്. ആറ്റിങ്ങലിൽ പറണ്ടക്കുഴി കോളനിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഭവനങ്ങളുടെ പുനരുദ്ധാരണം, റോഡ് ടാറിംഗ്, റീടെയിനിംഗ് വാൾ നിർമാണം, ചെറു റോഡുകളുടെ നിർമാണം, വൈദ്യുതീകരണം, മാലിന്യ സംസ്‌കരണം എന്നിവയാണ് കോളനികളിൽ നടത്തിയത്.
മന്ത്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പി. ശ്രീവിദ്യ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുത്തു.