ഭക്ഷണത്തോടും മുഖം തിരിച്ച് ശിവശങ്കർ

Friday 30 October 2020 12:27 AM IST

കൊച്ചി: അറസ്റ്റ് രേഖപ്പെടുത്തിയ ഉടൻ ഇ.ഡി ഉദ്യോഗസ്ഥർ ശിവശങ്കറിനോടു ചോദിച്ചു, ചോറും കറിയും വാങ്ങട്ടേ ? നിഷേധത്തിൽ തലയാട്ടി കുനിഞ്ഞിരുന്നു. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു ആവശ്യം. അതു നൽകിയശേഷമാണ് ഉദ്യോഗസ്ഥർ മെഡിക്കൽ പരിശോധനയ്‌ക്കായി ശിവശങ്കറിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ രാവിലെ ഭക്ഷണം എന്തു വേണമെന്ന് ചോദിച്ചപ്പോഴും ഒരു കുപ്പി വെള്ളത്തിൽ മറുപടി ഒതുക്കി. ഉച്ചക്കും കഴിച്ചില്ല. ഭക്ഷണം കഴിക്കുന്നതിൽ ഉദാസീനത വേണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയെങ്കിലും വകവച്ചില്ല. ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോടും ശിവശങ്കറിന്റെ സമീപനം ഇതായിരുന്നു.

ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്നതോടെ ഉദ്യോഗസ്ഥർ ക്ഷുഭിതരായി. ഈ സമീപനം തുടർന്നാൽ കസ്റ്റഡിയിൽ ലഭിച്ച ഏഴു ദിവസത്തിനു മുമ്പു തന്നെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് റിമാൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പു നൽകി.

അതിനോടുള്ള ശിവശങ്കറിന്റെ പ്രതികരണം ഇന്ന് രാവിലത്തെ ചോദ്യം ചെയ്യലിൽ വ്യക്തമാകും. ശിവശങ്കറിന് മാത്ര അറിയാവുന്ന കാര്യങ്ങൾ ഇപ്പോഴും മനസിലുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ.

ഇതു ചികഞ്ഞെടുക്കാനുള്ള ശ്രമമാണ് ശിവശങ്കർ തടയാൻ നോക്കുന്നത്. ശിവശങ്കറിന്റെ തുടക്കത്തിലെ ബലം പിടിത്തം രണ്ടു ദിവസത്തിനകം മയപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.