കൊവിഡാനന്തര ചികിത്സയ്ക്ക് സംവിധാനം : മുഖ്യമന്ത്രി

Friday 30 October 2020 12:31 AM IST

തിരുവനന്തപുരം : കൊവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കൊവിഡ് കെയർ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മുക്തരായശേഷവും നല്ല രീതിയിലുള്ള പരിചരണം ആവശ്യമാണ്. മാർഗനിർദേശം ഉടൻ തയാറാക്കും. ടെലിമെഡിസിൻ സൗകര്യം വിപുലപ്പെടുത്തും. സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം കിടക്കകൾ റിസർവ് ചെയ്യും. സ്വകാര്യ ആശുപത്രികളിലെ ഐസിയു കിടക്കകൾ എംപാനൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും. ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളിൽ കിയോസ്‌കുകൾ കൂടുതലായി സ്ഥാപിക്കാൻ 167 സ്ഥലങ്ങൾ കണ്ടെത്തി,​ 57 ഇടങ്ങളിൽ കിയോസ്‌കുകൾ പ്രവർത്തനമാരംഭിച്ചു. കൊവിഡ് രോഗബാധിതരായവരിൽ മറ്റു അനാരോഗ്യങ്ങൾ ഉള്ളവർ കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധന നടത്തണം. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിൻ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.