ഫറോക്ക് ടിപ്പുക്കോട്ട ചരിത്ര സ്മാരകമാക്കും​:​ കടന്നപ്പള്ളി​ 

Friday 30 October 2020 10:01 PM IST
പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഫറോക്ക് ടിപ്പുക്കോട്ട സന്ദർശിച്ചപ്പോൾ

ഫറോക്ക്: അമൂല്യമായ ചരിത്രസൂക്ഷിപ്പുകളുള്ള ഫറോക്ക് ടിപ്പു സുൽത്താൻകോട്ട ചരിത്രസ്‌മാരകമായി സംരക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ടിപ്പുക്കോട്ട സന്ദർശിക്കാനെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കോട്ടയിലെത്തിയ അദ്ദേഹം പഴയ ബംഗ്ലാവ്, ഭീമൻ കിണർ, ഭൂഗർഭ അറ, കൊത്തളം ഇവയെല്ലാം നിരീക്ഷിച്ചു.

രാജ്യവും ലോകവും അറിയേണ്ട സൂക്ഷിപ്പുകൾ ഇവിടെയുണ്ട്. ടിപ്പുക്കോട്ടയുടെ സംരക്ഷണം സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി നിയമസഭയിൽ പ്രഖ്യാപിച്ചതാണ്. കോടതിയിൽ വ്യവഹാരം നടക്കുന്നതു കാരണം പദ്ധതി നീളുകയായിരുന്നു. ഇപ്പോൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കോട്ട പുരാവസ്തുവകുപ്പ് ഏറ്റെടുത്തതിനു പിറകെ പര്യവേക്ഷണവും ഉത്ഖനനവും വേഗത്തിൽ നടക്കുന്നുണ്ട്. പര്യവേക്ഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ കൃത്യസമയത്തു സമർപ്പിക്കും. കോടതിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഭാവി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വി കെ സി മമ്മദ് കോയ എം എൽ എ, ​ഫറോക്ക് ​നഗരസഭാദ്ധ്യക്ഷ കെ. കമറു ലൈല, ഡെപ്യൂട്ടി ചെയർമാൻ കെ ടി അബ്ദുൽ മജീദ്, സി പി ഐ ജില്ലാ കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, ​കൗൺസിലർ ​ പി ആസിഫ്, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കെ കൃഷ്ണരാജ് , കോട്ട സംരക്ഷണ സമിതി ചെയർമാൻ ജയശങ്കർ കളിയൻകണ്ടി തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.

ടിപ്പുക്കോട്ടയിൽ ഗവേഷണത്തിന് സൗകര്യമൊരുക്കണം: ഡോ.മുഹമ്മദ്

ഫറോക്ക്: ഫറോക്കിന്റെ ചരിത്രസ്‌മാരകമായ ടിപ്പു സുൽത്താൻ കോട്ടയിൽ ചരിത്ര ഗവേഷണത്തിനും പoനത്തിനും സൗകര്യമൊരുക്കേണ്ടതുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ​ മുൻ ഡയറക്ടർ ഡോ.കെ. കെ. മുഹമ്മദ് പറഞ്ഞു. കോട്ടയുടെ സംരക്ഷണത്തിനും വികസനത്തിനും പുരാവസ്തു വകുപ്പും നഗരസഭയും പൊതുസമൂഹവും ഒത്തൊരുമിച്ചു പ്രവർത്തിക്കണം. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് പുരാവസ്തു വകുപ്പിന്റെ പര്യവേക്ഷണം തുടരുന്ന ടിപ്പു കോട്ട സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കോട്ടയിലെ ഭീമൻ കിണർ, ബംഗ്ലാവ്, ഭൂഗർഭ അറ, കൊത്തളം ഇവയെല്ലാം അദ്ദേഹം പരിശോധിച്ചു. ഫറോക്ക് റോയൽ അലയൻസ് ഹാളിൽ നടന്ന എഫ് എം ഡി സി യോഗത്തിലും ഡോ.മുഹമ്മദ് സംബന്ധിച്ചു. ചെയർമാൻ ജയശങ്കർ ​കി​ളിയൻകണ്ടി അദ്ധ്യക്ഷനായിരുന്നു. അർച്ചന കാമത്ത്, പി.വേണുഗോപാലൻ, ടി.പി.എം ഷാഹിർ അലി, പി.ആസിഫ്, മുഹമ്മദ് ഹസ്സൻ, വിജയകുമാർ പൂതേരി, കെ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.