വീണ് കിട്ടിയ പണം തിരിച്ചുനൽകിയ വയോധികന് ബൈക്കിടിച്ച് പരിക്ക്

Friday 30 October 2020 12:16 AM IST

സുൽത്താൻ ബത്തേരി: കഴിഞ്ഞ വ്യാഴാഴ്ച യാത്രാമധ്യേ ബീനാച്ചിയിൽ വെച്ച് വീണുപോയ ഒന്നര ലക്ഷം രൂപ ഉടമയെ തിരിച്ചേൽപ്പിച്ച തൊടുപുഴ സ്വദേശിയായ ജോസഫ് (60) ന് ബൈക്കിടിച്ച് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ബീനാച്ചിയിൽ വെച്ചായിരുന്നു അപകടം. വാകേരിയിലെ ചന്തപ്പറമ്പിൽ കുടുംബം ചികിൽസാ ആവശ്യത്തിന് വേണ്ടി കരുതിയ ഒന്നര ലക്ഷം രൂപയാണ് ബിനാച്ചിയിലെ ഒരു ബേക്കറിക്ക് സമീപം വെച്ച് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തുകയും പരിസരത്തുള്ള സി.സി.ടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. വിദ്യാഭവൻ ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങാറുള്ള വയോധികനും ക്യാമറയിൽ കുടുങ്ങിയിരുന്നു. ബന്ധുക്കൾ ഇയാളോട് ചോദിച്ചപ്പോഴാണ് പണം കിട്ടിയ വിവരം അറിഞ്ഞത്. പണം രണ്ട് ദിവസം കയ്യിൽ തന്നെ സൂക്ഷിച്ച അദ്ദേഹം പിന്നീട് എന്നും കിടക്കാറുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ ബേക്കറിയിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ബത്തേരി പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പണം സ്റ്റേഷനിൽ വെച്ച് ജോസഫിനെ കൊണ്ട് തന്നെ പണം കൈമാറുകയും ചെയ്തു. വർഷങ്ങളായി തൊടുപുഴയിൽ നിന്ന് വയനാട്ടിലെത്തിയ ഇയാൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കൂലിപണി ചെയ്താണ് കഴിയുന്നത്. താമസം സ്ഥിരമായി റോഡരുകിലെ ബസ്സ്സ്‌റ്റോപ്പുകളിലും മറ്റുമാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴ്മണിയോടെയാണ് ബൈക്കിടിച്ചത്. പരിക്ക് സാരമുള്ളതല്ല.