ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു: ഇ.ഡി

Friday 30 October 2020 2:01 AM IST

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 2019 ഏപ്രിലിൽ സ്വപ്‌ന ആവശ്യപ്പെട്ടതനുസരിച്ച് നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനെ വിളിച്ചിരുന്നെന്നും കള്ളക്കടത്തു സ്വർണമടങ്ങിയ ബാഗായിരിക്കാം അതെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി.

ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്ത ശിവശങ്കറിനെ ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് വെളിപ്പെടുത്തൽ. ശിവശങ്കർ ചോദ്യം ചെയ്യലുമായോ അന്വേഷണവുമായോ സഹകരിക്കുന്നില്ല. ഭക്ഷണം പോലും കഴിക്കുന്നില്ലെന്നും ഇ.ഡി വ്യക്തമാക്കി.

സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് സീനിയർ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നു ഒക്ടോബർ 15നു നൽകിയ സ്റ്റേറ്റ്മെന്റിൽ ശിവശങ്കർ സമ്മതിച്ചു. കുറ്റകൃത്യത്തിൽ എം. ശിവങ്കറിനുള്ള പങ്കാളിത്തവും അറിവുമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്ന് 2019 ഏപ്രിലിൽ നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടെന്നു വ്യക്തമാക്കുന്നു.

രണ്ടുമാസം കഴിഞ്ഞ് ജൂലായിൽ സരിത്, സ്വപ്ന, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർ ഗൂഢാലോചന നടത്തി രണ്ട് ഡമ്മി നയതന്ത്ര ബാഗുകൾ അയച്ചു. ശിവശങ്കർ വിട്ടുകൊടുക്കാൻ നിർദ്ദേശിച്ചത് ഡമ്മി ബാഗോ കള്ളക്കടത്തു സ്വർണം ഉൾപ്പെട്ട ബാഗോ ആയിരിക്കാം. സ്വപ്നയിൽ നിന്ന് പിടിച്ച തുക കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണ്. നേരായ മാർഗത്തിലൂടെയുള്ള സമ്പാദ്യമെന്ന വ്യാജേന പണം വിനിയോഗിക്കാനും ശേഖരിക്കാനും സ്വപ്നയെ ശിവശങ്കർ സഹായിച്ചു. സ്വപ്നയുടെ സാമ്പത്തികകാര്യങ്ങളിൽ മേൽനോട്ടം വഹിച്ചതു ശിവശങ്കറാണ്. സ്വപ്നയുടെ സമ്പത്തിൽ ശിവശങ്കറിന് താല്പര്യമുണ്ടായിരുന്നു. ഇൗ സമ്പത്ത് ശിവശങ്കറിന്റേതാകാനും സാദ്ധ്യതയുണ്ട്.