സർക്കാരിനു പിറകെ പാർട്ടിയും കസ്റ്റഡിയിൽ: ചെന്നിത്തല

Friday 30 October 2020 2:07 AM IST

കോഴിക്കോട്: ശിവശങ്കറിനു പിന്നാലെ ബിനീഷ് കോടിയേരി കൂടി അറസ്റ്റിലായതോടെ പിണറായി സർക്കാരും പാർട്ടിയും കസ്റ്റഡിയിലായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും ദിവസം ഇ.ഡി ചോദ്യം ചെയ്തിട്ട് എന്തു കിട്ടിയെന്നാണ് ഇതുവരെ ഇവർ ചോദിച്ചുകൊണ്ടിരുന്നത്. ഇനിയും അറസ്റ്റുകൾ വരാൻ പോകുന്നതേയുള്ളൂ. പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം. കോടിയേരി -പാർട്ടി സെക്രട്ടറിയായി തുടരുന്നതാണ് ഞങ്ങൾക്ക് നല്ലത്. അദ്ദേഹം രാജിവയ്ക്കണമെന്ന് പറയുന്നില്ല - ചെന്നിത്തല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വത്തിലുള്ള കൊള്ളസംഘത്തിന്റെ കീഴിലായിരിക്കുകയാണ് കേരളഭരണം. കള്ളന്മാരെയും കൊള്ളക്കാരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവന്നേ പറ്റൂ. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരും ഇനി ചോദ്യം ചെയ്യപ്പെടാൻ പോവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് അധോലോക പ്രവർത്തനങ്ങൾക്കെല്ലാം മുന്നിൽ നിന്നത്. നേരത്തെ ഞാൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമെന്ന് തെളിഞ്ഞുവരികയാണ്.