ക്ളിഫ് ഹൗസും എ.കെ.ജി സെന്ററും കളങ്കപ്പെട്ടു:കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മയക്കുമരുന്നിനും സ്വർണക്കള്ളക്കടത്തിനും കുടപിടിക്കുന്ന സർക്കാരും പാർട്ടിയുമാണ് കേരളം ഭരിക്കുന്നതെന്നും എ.കെ.ജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംഭവത്തിൽ പാർട്ടി നിലപാട് പറയേണ്ടെന്ന സി.പി.എം സമീപനം ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.
മയക്കുമരുന്ന്, സ്വർണക്കടത്ത് എന്നിവയ്ക്ക് പിന്നിൽ സി.പി.എമ്മിന്റെ സെക്രട്ടറിയുടെ മകനാണെന്നത് ഞെട്ടിക്കുന്നു. കോടിയേരി ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണം. രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സി.പി.എമ്മിന്റെ വാദം അപഹാസ്യമാണ്. സ്വർണക്കള്ളക്കടത്ത് പിടിച്ചതിൽ എന്ത് രാഷ്ട്രീയ ഗൂഢാലോചനയാണ് ? ബിനീഷ് കോടിയേരിയുടെ സുഹൃത്തായ മയക്കുമരുന്ന് കച്ചവടക്കാരൻ പിടിയിലായതിൽ എന്ത് ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥർക്കും രണ്ട് മന്ത്രിമാർക്കും സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.