സമ്പാദ്യത്തിനുമുണ്ട്, യൗവനം, വാർദ്ധക്യം
നമ്മുടെ ശരീരം പോലെ തന്നെയാണ് സാമ്പത്തികവും! ചെറുപ്പകാലത്ത് ഉഷാർ. പ്രായമേറുമ്പോൾ ശാരീരികക്ഷമത കുറയുന്നതു പോലെ സാമ്പത്തിക ആരോഗ്യവും ക്ഷയിക്കാം. നല്ല കാലത്ത് ശരീരം കാത്തുസൂക്ഷിക്കുന്നതു പോലെ തന്നെ സാമ്പത്തികവും ബുദ്ധിപൂർവം, ദീർഘവീക്ഷണത്തോടെ കൈകാര്യം ചെയ്താൽ വാർദ്ധക്യകാലത്ത് പ്രതിസന്ധികളുണ്ടായാൽ ബുദ്ധിമുട്ട് കൂടാതെ തരണം ചെയ്യാം.
കുടുബ ബജറ്റിന്റെ പ്രസക്തി ഒരു സാധാരണ കുടുംബത്തിന്റെ വരുമാനം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാൻ മുൻകാല ചെലവുകൾ സംബന്ധിച്ച അവലോകനം ആദ്യമേ നടത്തണം. ഓരോ മേഖലയിലും വരാവുന്ന ചെലവുകൾക്ക് മാനദണ്ഡം നിശ്ചയിച്ച് കുടുബ ബഡ്ജറ്റ് തയ്യാറാക്കാം. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുന്നത് നല്ലതാണ്.
കുടുംബ ബഡ്ജറ്റ് തയ്യാറാക്കൽ ആഹാരം, വസ്ത്രം, വീട്ടുവാടക, ഭവന വായ്പാ തിരിച്ചടവ്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, വൈദ്യുതി, വെള്ളം, യാത്രാ ചെലവ്, ചികത്സ, നികുതി എന്നിവയ്ക്ക് വരുമാനത്തിന്റെ ആദ്യഭാഗം നീക്കിവെക്കുക. (പരമാവധി 50% വരെ)
ഇൻഷ്വറൻസ്, വാഹനം, സോഷ്യൽ സ്റ്റാറ്റസ്, വിനോദസഞ്ചാരം തുടങ്ങിയ കാര്യങ്ങൾക്ക് (വരുമാനത്തിന്റെ 25% വരെ) ഈ ചെലവുകൾ ആപേക്ഷികമാണ്. ഏറ്റക്കുറച്ചിലുകൾ വരുത്താൻ കഴിയും.
ദീർഘകാലാടിസ്ഥാനത്തിൽ വേണ്ട സമ്പാദ്യം സ്വരൂപിക്കലാണ് പ്രധാനം. ഇവിടെ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
ഒന്ന്: അത്യാവശ്യത്തിന് ഫണ്ട് ആവശ്യമായാൽ ഉപകരിക്കേണ്ട നിക്ഷേപം (ഉദാ: ഡെബിറ്റ് ഫണ്ട് നിക്ഷേപം, ഷെയർ മാർക്കറ്റ്, ചെറുകിട സമ്പാദ്യ പദ്ധതി, സ്വർണം)
രണ്ട്: ദീർഘകാലാടിസ്ഥാനത്തിൽ ആവശ്യമായി വരുന്ന ചെലവുകൾ മുൻനിർത്തിയുള്ള നിക്ഷേപം. ഭൂമി, സ്വർണം പോലുള്ള വസ്തുക്കളിലെ നിക്ഷേപം. വിവാഹം, ഭവന- വാഹന വായ്‌പകളുടെ പൂർണമായ തിരിച്ചടവ്, ലൈഫ് ഇൻഷ്വറൻസ്, ദീർഘകാല അടിസ്ഥാനത്തിൽ ബാങ്ക് നിക്ഷേപം, മ്യൂച്വൽ ഫണ്ട്, വാർദ്ധക്യകാല പെൻഷനായുള്ള നിക്ഷേപം തുടങ്ങിയവ ഈ ഗണത്തിൽപ്പെടുന്നു.
നികുതിയിളവ് ലഭിക്കാൻ സാദ്ധ്യതയുള്ള നിക്ഷേപങ്ങൾ ടാക്സ് പ്ലാൻ കണക്കാക്കി വേണം നടത്താൻ. (വരുമാനത്തിന്റെ 25% വരെ ഈ ചിലവ് വരാം,)
ഇത്തരമൊരു ബഡ്ജറ്റ് തയ്യാറാക്കുകയും ഓരോ മാസവും വരുന്ന ചെലവുകൾ ഈ ബഡ്ജറ്റുമായി തട്ടിച്ചുനോക്കി ആവശ്യമായ കൂട്ടിച്ചേർക്കലുകളും പരിഷ്കാരങ്ങളും വരുത്തി മുന്നോട്ടു പോവുകയും ചെയ്താൽ ആരോഗ്യകരമായ കുടുംബജീവിതം മാത്രമല്ല, സന്തോഷകരമായ വിശ്രമകാലവും ഉറപ്പാക്കാം.
ഗുണകരമായ ചില നിക്ഷേപ പദ്ധതികൾ
എൽ.ഐ.സിയുടെ ജീവൻ ഉമംഗ്
• ഇൻഷ്വറൻസ് തുകയുടെ എട്ടു ശതമാനം നികുതിരഹിതമായി ജീവിതകാലം മുഴുവൻ ഗാരന്റി നൽകുന്ന പദ്ധതി
• കുട്ടികളുടെ പേരിലും തുടങ്ങാം
• രണ്ട് വർഷത്തിനു ശേഷം വായ്പ
• ജീവിതകാലം മുഴുവൻ എത്രരൂപ വാർഷിക വരുമാനം വേണമെന്നുണ്ടെങ്കിൽ ആ തുക വാർഷിക പ്രീമിയം ആയി 15 വർഷം അടയ്ക്കുക.