വിജയ് പി നായരെ മർദ്ദിച്ച കേസ് വിധി പറയാൻ മാ‌റ്റി; നിയമ വഴി ഉപയോഗിക്കേണ്ടതിന് പകരം പ്രതികൾ നിയമം കൈയിലെടുത്തെന്ന് ഹൈക്കോടതി

Friday 30 October 2020 5:13 PM IST

തിരുവനന്തപുരം: യുട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ പ്രതിസ്ഥാനത്തുള‌ള ഡബ്ബിംഗ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കേസ് വിധി പറയാനായി ഹൈക്കോടതി മാ‌റ്റിവച്ചു.

തന്നെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ വന്നതെന്ന് മർദ്ദനത്തിന് ഇരയായ വിജയ്.പി നായർ കോടതിയിൽ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ വിധി പറയും മുൻപ് തന്റെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് പി നായർ കോടതിയെ സമീപിച്ചിരുന്നു.എന്നാൽ വിജയ്.പി.നായരുടെ ചെയ്‌തികളിൽ പ്രതികരിക്കുക മാത്രമാണ് ചെയ്‌തതെന്ന് ഭാഗ്യലക്ഷ്‌മി അറിയിച്ചു. നിയമ വഴി ഉപയോഗിക്കേണ്ടതിന് പകരം പ്രതികൾ നിയമം കൈയിലെടുത്തെന്ന് കോടതി പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെ‌റ്റല്ലേയെന്ന് പ്രതികളോട് കോടതി ചോദിച്ചു. പൊതുജനങ്ങൾക്ക് തെ‌റ്റായ സന്ദേശം നൽകുകയല്ലേ പ്രതികൾ ചെയ്‌തതെന്നും കോടതി ചോദിച്ചു.