ഐ.എസ്.എൽ കിക്കോഫ് നവംബർ 20ന്

Saturday 31 October 2020 1:15 AM IST

ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും - എടികെ മോഹൻ ബഗാനും തമ്മിൽ

മർഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ 2020/21 സീസണിലെ ഫിക്‌സചർ പുറത്തിറക്കി. നവംബർ 20ന് കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗോവയിലെ ജി.എം.സി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരത്തിന്റെ കിക്കോഫ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലെ ഫറ്റോർദ, തിലക് മൈതാൻ, ജി.എം.സി സ്റ്റേഡിയം എന്നിവിടങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാതെയാണ് ഇത്തവണത്തെ ഐ.എ.എസ്.എൽ മത്സരങ്ങൾ നടത്തുന്നത്.

11 ടീമുകളുള്ള ലീഗിന്റെ 2021 ജനുവരി 11 വരെയുള്ള ആദ്യ ഘട്ടത്തിലെ മത്സരക്രമം മാത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്. ഫൈനലുൾപ്പെടെയുള്ള അടുത്ത ഘട്ടത്തിന്റെ മത്സരക്രമം പിന്നീട് പുറത്തുവിടും. ഞായറാഴ്ചകളിൽ രണ്ട് മത്സരങ്ങളും ബാക്കി ദിവസങ്ങളിൽ ഓരോ മത്സരവുമാണുള്ളത്. ഒരു മത്സരം ഉള്ള ദിവസങ്ങളിൽ 7.30നായിരിക്കും കളി തുടങ്ങുക. ഞായറാഴ്ചകളിൽ ആദ്യ മത്സരം 5 മണിക്കും രണ്ടാം മത്സരം 7.30നുമായിരിക്കും,കഴിഞ്ഞ വർഷം എ.ടി.കെയായിരുന്നു ചാമ്പ്യൻമാർ. ഫൈനലിൽ ചെന്നൈയിൻ എഫ്.സിയെയാണ് കീഴടക്കിയത്. എ.ടി.കെയും മോഹൻ ബഗാനും തമ്മിൽ ലയിച്ച് ഇത്തവണ എ.ടികെ മോഹൻ ബഗാനെന്ന പേരിലാണ് കളിക്കാനിറങ്ങുന്നത്. മറ്റൊരു കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാളും ഇത്തവണ ഐ.എസ്. എല്ലിന്റെ ഭാഗമായിട്ടുണ്ട്.

ഫുട്ബാൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന എ.ടി.കെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള കൊൽക്കത്തൻ ഡെർബി നവംബർ 27ന് തിലക് മൈതാനിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫിക്സചർ

തിയതി എതിർടീം സമയം

നവംബർ 20- എ.ടി.കെ മോഹൻ ബഗാൻ -രാത്രി 7.30 മുതൽ

നവംബർ 26- നോർത്ത് ഈസ്റ്റ് യുണൈറ്രഡ് -രാത്രി 7.30 മുതൽ

നവംബർ 29- ചെന്നൈയിൻ എഫ്.സി - രാത്രി 7.30 മുതൽ

ഡിസംബർ 6 - എഫ്.സി ഗോവ - രാത്രി 7.30 മുതൽ

ഡിസംബർ 13- ബംഗളൂരു എഫ്.സി - രാത്രി 7.30 മുതൽ

ഡിസംബർ 20 - ഈസ്റ്റ് ബംഗാൾ - രാത്രി 7.30 മുതൽ

ഡിസംബർ 27- ഹൈദരാബാദ് എഫ്.സി - രാത്രി 7.30 മുതൽ

ജനുവരി 2- മുംബയ് എഫ്.സി - രാത്രി 7.30 മുതൽ

ജനുവരി 10 -ജംഷഡ്പൂർ എഫ്.സി -രാത്രി 7.30 മുതൽ