കൊവിഡ് പോരാളികൾക്ക് സല്യൂട്ടായി ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം കിറ്റ്
കൊച്ചി: കൊവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ മൂന്നാം കിറ്റ് മഹാമാരിക്കെതിരെ പോരാടുന്ന ധീരർക്കുള്ള ആദരമായാണ് പുറത്തിറക്കിയിരിക്കുന്നത്. ക്ലബ് ഈ വർഷമാദ്യം തുടങ്ങിയ സല്യൂട്ട് ഔർ ഹീറോ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാം കിറ്റിൽ കൊവിഡ് പോരാളികൾക്ക് ആദരം നൽകിയത്. ഐ.എസ്.എല്ലിലെ തെരഞ്ഞെടുത്ത മത്സരങ്ങളിൽ ക്ലബ് ഈ കിറ്റ് അണിയും. ക്ലബിന്റെ കടുത്ത ആരാധികയായ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ബി.എസ്.സി വിദ്യാർത്ഥിനി സുമന സായിനാഥാണ് ജേഴ്സിയുടെ ഡിസൈൻ രൂപകല്പന ചെയ്തത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ നടത്തിയ മത്സരത്തിൽ ലഭിച്ച മുന്നൂറിലധികം എൻട്രികളിൽ നിന്നാണ് സുമനയുടെ ഡിസൈൻ തിരഞ്ഞെടുത്തത്. കെ.ബി.എഫ്.സിയുടെ ലോഗോയിലുള്ള ആനയെ കിറ്റ് രൂപകൽപനയിൽ സമർത്ഥമായി അവതരിപ്പിച്ചിട്ടുണ്ട്. പൊലീസിനുള്ള ബാഡ്ജുകൾ, ശുചിത്വ തൊഴിലാളികളുടെ ചൂലുകൾ, ഗ്ലോബിന് മുകളിലുള്ള സ്‌റ്റെതസ്‌കോപ്പും ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ എല്ലാ ആരോഗ്യപ്രവർത്തകരുടെയും സംരക്ഷിത കരങ്ങളും, കേരളത്തിന്റെ ഭൂപടം, ഇന്ത്യൻ പതാക, വാളുകളായുള്ള കൊമ്പുകൾ, സമാധാനത്തിന്റെ പ്രതീകമായ പ്രാവ് എന്നിവയെല്ലാം ഡിസൈനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വെള്ള, സ്വർണം എന്നീ നിറങ്ങൾ കസവ് മുണ്ടിനെ സാമ്യപ്പെടുത്തുന്നതും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് ആദരം അർപ്പിക്കുന്നവയുമാണ്.