ഭക്ഷണം കഴിച്ചോ ? ഫീൽഡിംഗിനിടയിലും ഗർഭിണിയായ ഭാര്യയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധചെലുത്തി വിരാട് കോഹ്‌ലി, ദൃശ്യങ്ങൾ വെെറലാകുന്നു

Saturday 31 October 2020 1:52 AM IST

ക്രിക്കറ്റ് സിനിമ മേഖലയിലെ താരജോഡികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. ഇരുവരുടെയും കുടുംബത്തിലേക്ക് പുതിയ ഒരു അതിഥിയെത്തുമെന്ന് ദമ്പതികൾ നേരത്തെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ഐ‌.പി‌.എൽ മത്സരത്തിനിടെ ഭാര്യയായ അനുഷ്ക ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്ന കോഹ്‌ലിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

കളിയുടെ സമ്മർദ്ദത്തിനിടയിൽ ഫീൽഡിൽ നിൽക്കുമ്പോഴും ഭാര്യയുടെ ആരോഗ്യകാര്യത്തിൽ വിരാടിനു ശ്രദ്ധയുണ്ട്. അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുകയാണ് അനുഷ്ക. ഇരുവരും തമ്മിലുള്ള ആശയവിനിമയവും മുഖഭാവങ്ങളും ആരുടെയും ഹൃദയം കവരും. “എന്തൊരു ക്യൂട്ടാണ് അനുഷ്കയും വിരാടും,”എന്നാണ് ആരാധകർ പറയുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർ‌.സി‌.ബി) ചെന്നൈ സൂപ്പർ കിംഗ്സും (സി‌.എസ്‌.കെ) അടുത്തിടെ നടന്ന ഐ‌.പി‌.എൽ മത്സരത്തിൽ നിന്നുള്ള വീഡിയോണ് വെെറലാകുന്നത്.

എല്ലാ ക്രിക്കറ്റ് മത്സരങ്ങളിലും വിരാടിനു പിന്തുണയും പ്രോത്സാഹനവും നൽകാൻ അനുഷ്ക ഗ്യാലറിയിലുണ്ടാകും. "ക്രിക്കറ്റിനു പുറമേ എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനുഷ്ക.അവൾ ഒരു പ്രൊഫഷണലാണ്, എന്റെ പ്രൊഫഷനെ അവൾ ശരിക്കും മനസിലാക്കുന്നുണ്ട്. ശരിയായ ദിശയിൽ അവൾ എന്നെ നയിക്കുന്നുമുണ്ട്,” കോഹ്‌ലി പറഞ്ഞു.