ഒരു സീറ്റിൽ മാറിമറിഞ്ഞ ഭരണം പഠിപ്പിച്ച പാഠവുമായി മുന്നണികൾ

Sunday 08 November 2020 2:23 AM IST

കണ്ണൂർ: അഞ്ചു വർഷം. മൂന്ന് മേയർമാർ. കയ്യാലപ്പുറത്തെ തേങ്ങപോലെയായിരുന്നു കണ്ണൂർ കോർപ്പറേഷനിലെ ഭരണം.

ഇരുമുന്നണികളും ഇഞ്ചോടിഞ്ച് ബലാബലത്തിലായിരുന്ന ഭരണസമിതിയിൽ, കോൺഗ്രസിനോട് പിണങ്ങി മത്സരിച്ച് ജയിച്ച വിമതൻ പി.കെ.രാഗേഷിന്റെ നിലപാടുകളായിരുന്നു ഭരണം മുന്നോട്ടുകൊണ്ടുപോയത്.

ആദ്യ നാലുവർഷം എൽ.ഡി. എഫിനൊപ്പം നിന്ന രാഗേഷ് അവസാന വർഷം യു.ഡി. എഫ് പക്ഷത്തേക്ക് ചാഞ്ഞതോടെ ഭരണം അവർക്കായി. യു.ഡി. എഫിന് ലഭിച്ച ഒരു വർഷത്തിൽ കോൺഗ്രസും ലീഗും മേയർ സ്ഥാനം പങ്കിട്ടു.കോൺഗ്രസിലെ സുമാ ബാലകൃഷ്ണനും ലീഗിലെ സി. സീനത്തും ആറു മാസം വീതം മേയർമാരായി.ആദ്യത്തെ നാലു വർഷം സി.പി.എമ്മിലെ ഇ.പി. ലതയായിരുന്നു മേയർ.

മേയറാവാൻ കച്ചകെട്ടി

ഇരുമുന്നണികളിലും സീറ്റ് ചർച്ചകൾ സജീവമായിരിക്കുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ എല്ലാ ഡിവിഷനിലും മത്സരിക്കാനാണ് സാധ്യത. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നിർദേശിക്കുന്നവർക്കായിരിക്കും യു.ഡി. എഫിൽ മേയർ നറുക്ക് വീഴുക. കോൺഗ്രസിൽ പലരും ഇതിനായി മുന്നിലുണ്ട്. എന്നാൽ, തങ്ങൾക്കാണ് നഗരമേഖലയിൽ സ്വാധീനമെന്ന ലീഗിന്റെ അവകാശവാദം കോൺഗ്രസിനെ കുഴക്കുന്നുണ്ട്. മുസ്ലീം ലീഗുമായുള്ള ഉഭയകക്ഷി ചർച്ച നടന്നു കഴിഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജിനെയാണ്‌ ഔദ്യോഗിക പക്ഷം മേയർ സ്ഥാനാർഥിയാക്കാൻ ശ്രമിക്കുന്നത്. കോർപ്പറേഷനിൽ പ്രവർത്തനപരിചയമുള്ള കെ.പി.സി.സി അംഗംകൂടിയായ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി. ഒ മോഹനനും രംഗത്തുണ്ട്. യു.ഡി.എഫിന് അധികാരത്തിലെത്താൻ വഴി തുറന്നതിന്റെ കണക്കുപറഞ്ഞാണ്‌ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്‌ മേയർസ്ഥാനത്തിനായി ചരടുവലി നടത്തുന്നത്.

അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിച്ചവരെയോ ജയിച്ചവരെയോ മത്സരിപ്പിക്കരുതെന്ന്‌ കെ.പി.സി.സി സർക്കുലർ ഇറക്കിയിട്ടുണ്ട്‌.കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ കൈപ്പിഴ ആവർത്തിക്കരുതെന്ന കരുതലോടെയാണ് ഇടതുമുന്നണിയുടെ കരുനീക്കം. സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗവും റബ്കോ ചെയർമാനുമായ എൻ. ചന്ദ്രൻ, കണ്ണൂർ ഏരിയാ സെക്രട്ടറി കെ.പി. സുധാകരൻ, എൽ.ഡി. എഫ് പാർലമെന്ററി പാർട്ടി ലീഡർ എൻ. ബാലകൃഷ്ണൻ എന്നിവരെയാണ് മേയറാക്കാൻ പാർട്ടി കണ്ടുവച്ചിരിക്കുന്നത്. എൻ. ചന്ദ്രനാണ് മുൻതൂക്കം.

കക്ഷിനില

ആകെ സീറ്റ്- 55

യു.ഡി. എഫ് - 28

എൽ.ഡി. എഫ് - 27