കേരള സ്‌റ്റാർട്ടപ്പിൽ 10 ലക്ഷം ഡോളർ നിക്ഷേപം

Wednesday 11 November 2020 3:37 AM IST

കൊച്ചി: കേരളം ആസ്ഥാനമായുള്ള ഓഫീസ്‌ കിറ്റ് എച്ച്.ആർ എന്ന ഐ.ടി സ്‌റ്റാർട്ടപ്പ്, കാലിഫോർണിയയിലെ എക്‌സ്‌പെർട്ട് ഡോജോ വെഞ്ച്വർ ഫണ്ടിൽ നിന്ന് 10 ലക്ഷം ഡോളർ (ഏകദേശം ഏഴരക്കോടി രൂപ) നിക്ഷേപം കരസ്ഥമാക്കി. കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ പ്രതിമാസ നിക്ഷേപസഹായ പരിപാടിയായ ഇൻവെസ്‌റ്റർ കഫേ വഴിയാണ് നിക്ഷേപം ലഭിച്ചത്.

പി.ടി. ഹാരിസ്,​ മുഹമ്മദ് ഫൈസാൻ ലങ്ക എന്നിവർ ചേർന്ന് 2016ൽ രൂപീകരിച്ചതാണ് ഓഫീസ് കിറ്റ് എച്ച്.ആർ. മാനവവിഭവശേഷി കൈകാര്യം ചെയ്യാനുള്ള ചെലവുകുറഞ്ഞ സോഫ്‌റ്റ്‌വെയർ സേവനം ലഭ്യമാക്കുന്ന കമ്പനിയാണിത്.

ഗൾഫ്, ഏഷ്യാ-പസഫിക് മേഖല എന്നിവിടങ്ങളിലേക്കും ചുവടുറപ്പിക്കാനുള്ള സാദ്ധ്യകൾ ഈ സാമ്പത്തിക സഹായത്തിലൂടെ ലഭിക്കുമെന്ന് മുഹമ്മദ് ഫൈസാൻ ലങ്ക പറഞ്ഞു. എച്ച്.ആർ രംഗത്ത് നിർമ്മിതബുദ്ധി (എ.ഐ), മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള ഗവേഷണസംഘങ്ങളെയും രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.