ബന്ധുവിന്റെ കരൾദാനം; സനൽകുമാർ ശശിധരന്റെ ആരോപണം നിഷേധിച്ച് ആസ്റ്റർ മെഡ്‌സിറ്റി
കൊച്ചി: ബന്ധുവായ സന്ധ്യയുടെ മരണത്തെ കരൾദാനവുമായി ബന്ധിപ്പിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിൽ ഉന്നയിച്ച ആരോപണങ്ങൾ ആസ്റ്റർ മെഡ്‌സിറ്റി നിഷേധിച്ചു. കൊവിഡ് ബാധിച്ച സന്ധ്യ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. ഇതിന്റെ മറവിൽ 2018ൽ സ്വന്തം ഇഷ്ടപ്രകാരം സന്ധ്യ നടത്തിയ കരൾദാനത്തെ ദുരൂഹതയുടെ നിഴലിൽ നിറുത്തുന്നത് ദൗർഭാഗ്യകരമാണെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്നെ പലവിധത്തിൽ മുമ്പ് സഹായിച്ച കൂട്ടുകാരിയുടെ 45കാരനായ സഹോദരനാണ് സന്ധ്യ കരൾ ദാനം ചെയ്തത്. കുടുംബാംഗങ്ങളിൽ യോജിച്ച ദാതാവിനെ കണ്ടെത്താനായില്ലെന്ന് അറിഞ്ഞ് അവർ സ്വയം മുന്നോട്ടു വരികയായിരുന്നു.
2018 സെപ്തംബർ 28ന് നേഴ്‌സായ മകൾക്കും അകന്ന ബന്ധുവിനും ഒപ്പമാണ് ആസ്റ്ററിലെത്തിയത്. 2006ൽ വൃക്കകൾക്ക് ചെറിയ പ്രശ്‌നമുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തുമ്പോൾ ചികിത്സയിലായിരുന്നില്ല. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു.
ഇവർ ഹൃദ്രോഗിയാണെന്ന ആക്ഷേപം ശരിയല്ല. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 2018 ഒക്ടോബർ 29ന് ശസ്ത്രക്രിയ നടത്തി. നവംബർ 6ന് ആശുപത്രി വിട്ടശേഷം രണ്ട് തവണ തുടർ പരിശോധനയ്ക്കെത്തിയ സന്ധ്യ പൂർണമായി സുഖം പ്രാപിച്ചിരുന്നു.
കരൾദാനത്തിന് സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനൽകുമാറിന്റെ ആരോപണത്തിന് ആശുപത്രിയുമായി യാതൊരു ബന്ധവുമില്ല. ഏതുതരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു
അവയവത്തട്ടിപ്പെന്ന് പരാതി: സന്ധ്യയുടെ സംസ്കാരം മാറ്റി
തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരന്റെ പിതൃസഹോദരീ പുത്രി നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശിനി സന്ധ്യയുടെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റി വച്ചു. സന്ധ്യയുടെ മരണത്തിൽ അവയവ മാഫിയയുടെ ഇടപെടലുണ്ടെന്നും, കൊവിഡ് മരണമെന്ന പേരിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമമുണ്ടെന്നും ആരോപിച്ച് സനൽ കുമാർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയ സാഹചര്യത്തിലാണിത്.
സന്ധ്യയുടെ സാമ്പിൾ പരിശോധനയുടെ ഫലം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ശേഷമേ സംസ്കാരം നടത്തൂവെന്ന് പൊലീസ് അറിയിച്ചു.സന്ധ്യയുടെ മരണത്തിൽ ദുരൂഹത തുടരുകയാണെന്നും ,പോസ്റ്റുമോർട്ടവും ഫോറൻസിക് പരിശോധനകളുമില്ലാതെ സംസ്കാരത്തിന് നീക്കമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സനൽകുമാർ പറഞ്ഞു.
ഈ മാസം ഏഴിനാണ് സന്ധ്യ മരിച്ചത്. സനൽകുമാർ ശശിധരന്റെ പരാതിയുടെയും സന്ധ്യയുടെ സഹോദരൻ രാധാകൃഷ്ണന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു.