വഞ്ചനാക്കേസ്: ഹീര ബാബു അറസ്റ്റിൽ
Saturday 14 November 2020 12:09 AM IST
തിരുവനന്തപുരം: വഞ്ചനാക്കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡി അബ്ദുൾ റഷീദിനെ (ഹീര ബാബു) പൊലീസ് അറസ്റ്റുചെയ്തു. ഫ്ളാറ്റുമായി ബന്ധപ്പെട്ട കേസിലാണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. രമയടക്കം 5 പേർ ഹീര ബാബുവിനെതിരെ പരാതി നൽകിയിരുന്നു. വി.ടി. രമയുടെ ഫ്‌ളാറ്റ് അവർ അറിയാതെ എസ്.ബി.ഐ കവടിയാർ ശാഖയിൽ 65 ലക്ഷം രൂപയ്ക്ക് പണയം വച്ചെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം രാത്രി മ്യൂസിയം പൊലീസിന്റെ നടപടി. ലോൺ അടവ് മുടങ്ങി ഫ്‌ളാറ്റ് ഉടമകൾക്ക് റവന്യു റിക്കവറി നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് രമ 2019ൽ മ്യൂസിയം പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഹീരബാബുവിന് ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.