പാലാരിവട്ടം കേസ് സർക്കാരിന് തിരിച്ചടിയാകും; പ്രതിപക്ഷത്തിന്റെ നാവ് അടപ്പിക്കാനാകില്ലെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് കൊണ്ട് ജനങ്ങളുടെ മനസിൽ നിന്ന് സംസ്ഥാന സർക്കാരിനെതിരായുളള ഗുരുതരമായ കുറ്റങ്ങളും യാഥാർത്ഥ്യങ്ങളും ഒളിച്ചുവയ്‌ക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വളരെ പ്രാധാന്യത്തോടെയാണ് യു ഡി എഫ് സർക്കാർ പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. പാലത്തിന്റെ എഴുപത് ശതമാനം ജോലികളും യു ഡി എഫാണ് ചെയ്‌തത്. മുപ്പത് ശതമാനം ജോലിയും എൽ ഡി എഫ് സർക്കാരാണ് പൂർത്തിയാക്കിയത്. പാലത്തിന്റെ ഉദ്ഘാടനത്തിൽ ഇത് എൽ ഡി എഫ് സർക്കാർ നേട്ടമായാണ് അവതരിപ്പിച്ചത്. അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
പാലത്തിന്റെ മുകളിലുളള ടാറിംഗ് ഉൾപ്പടെയുളള പണികൾ നടത്തിയത് ഈ സർക്കാരാണ്. മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തുവെന്നതാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുളള പരാതി. അതിന്റെ പലിശ സഹിതം മുഴുവൻ തുകയും സർക്കാരിന് തിരിച്ച് കിട്ടിയിട്ടുണ്ട്. കമ്പനി വീഴ്ച വരുത്തിയതാണെങ്കിൽ പിന്നെന്തിനാണ് ഈ സർക്കാർ ഈ കമ്പനിയ്‌ക്ക് തന്നെ വീണ്ടും വീണ്ടും നിർമ്മാണ ചുമതല ഏൽപ്പിക്കുന്നുവെന്ന് വ്യക്തമാക്കണം. തിരുവനന്തപുരം നഗരത്തിൽ മാത്രം ആയിരം കോടിയലധികം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ കമ്പനിയെ ഏൽപ്പിച്ചിരിക്കുന്നതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
ഈ കേസ് സർക്കാരിന് തിരിച്ചടിയാകും. ജനങ്ങളുടെ മനസിൽ സംശയങ്ങളെല്ലാം കിടപ്പുണ്ട്. ഈ സർക്കാരും മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തിട്ടുണ്ട്. പാലം പൊളിക്കേണ്ട വിധം അഴിമതി നടന്നിട്ടുണ്ടെങ്കിൽ ആ കമ്പനിയെ എന്തുകൊണ്ട് കരിമ്പട്ടികയിൽപ്പെടുത്തിയില്ലയെന്ന് വ്യക്തമാക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നാവ് അടപ്പിക്കാനാകില്ല. ജനങ്ങൾ എല്ലാം പരിശോധിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.