കൊവിഡ് ഭേദമായവരില്‍ മൂന്ന് മാസത്തേക്ക് പരിശോധന നടത്തേണ്ടതില്ല; പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ പുറത്ത്

Thursday 19 November 2020 5:53 PM IST

തിരുവനന്തപുരം: കൊവിഡ് പരിശോധനക്ക് പുതിയ മാര്‍ഗ നിര്‍ദേശം. കൊവിഡ് ഭേദമായവരില്‍ മൂന്ന് മാസത്തേക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍. ശസ്ത്രക്രിയ, ഡയാലിസിസ് തിരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവര്‍ക്ക് കൊവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ വീണ്ടും കൊവിഡ് പരിശോധന നടത്താം. അത് ആന്റിജന്‍ പരിശോധന ആയിരിക്കണമെന്നാണ് പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.

കൊവിഡ് ഭേദമായ ആള്‍ക്ക് ആന്റിജന്‍ ഒഴികെ ഉള്ള പരിശോധനകളില്‍ പൊസിറ്റീവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കം ചികിത്സകള്‍ മുടക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വൈറല്‍ ഷെഡിംഗ് കാരണം നിര്‍ജ്ജീവമായ വൈറസുകള്‍ ശരീരത്തില്‍ ഉണ്ടാകാം. അതുപക്ഷേ കൊവിഡ് ബാധ ആയി കണക്കാക്കാന്‍ ആകില്ല. കൊവിഡ് ഭേദമായ ആള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ലെന്ന് ആദ്യം ഉറപ്പിക്കണം. അതിന് ശേഷം കൊവിഡ് പരിശോധന വീണ്ടും നടത്താമെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.