ബിനീഷിന്റെ ജാമ്യാപേക്ഷ 24ലേക്കു മാറ്റി; ഇ.ഡിയുടെ അറസ്​റ്റ് നിയമവിരുദ്ധമെന്ന് വാദം

Friday 20 November 2020 12:00 AM IST

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടുകളിൽ ഇ.ഡി പ്രതിയാക്കിയ ബിനീഷ്, പ്രത്യേക കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 24നു പരിഗണിക്കാനായി മാ​റ്റി. ലഹരി ഇടപാടുകളിൽ പങ്കുണ്ടോയെന്നറിയാനായി എൻ.സി.ബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) ബിനീഷിനെ ചോദ്യംചെയ്യുകയാണെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് അറിയിച്ചതോടെയാണിത്.

അതേസമയം, ഇ.ഡിയുടെ അറസ്​റ്റ് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. ലഹരിക്കേസിൽ അറസ്​റ്റിലായ അനൂപ് മുഹമ്മദിനു ഹോട്ടൽ തുടങ്ങാനായി പലതവണയായി 39 ലക്ഷം രൂപ മാത്രമാണു കൈമാറിയത്. വായ്പയെടുത്തതാണത്. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുമില്ല. അഭിനയിച്ച 7 സിനിമകളിൽനിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ. അഭിനയമോഹംകൊണ്ട് പണം വാങ്ങാതെയാണു മ​റ്റുള്ളവയിൽ അഭിനയിച്ചതെന്നും വാദിച്ചു. വെള്ളിയാഴ്ച വരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലാണ് ബിനീഷ്. ഹൈക്കോടതിയിൽ രണ്ടു ഹർജികളാണ് ബിനീഷ് നൽകിയത്. എൻ.സി.ബി കേസിലെ മുൻകൂർ ജാമ്യാപേക്ഷയ്ക്കുപുറമേ, ഇ.ഡി തന്നെ അറസ്​റ്റ് ചെയ്തത് അന്യായമാണെന്നു കാട്ടിയും ഹർജി നൽകി. ഇതും ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.