സുഭാഷ് വാസുവിനെതിരെ അന്വേഷണം വേണമെന്ന് തുഷാർ വെള്ളാപ്പള്ളി

Friday 20 November 2020 12:12 AM IST

ന്യൂഡൽഹി: ബി.ഡി.ജെ.എസ് വിമതവിഭാഗം നേതാവ് സുഭാഷ് വാസുവിനും

കൂട്ടാളികൾക്കുമെതിരെ ഉയർന്ന മൈക്രോഫിനാൻസ് തട്ടിപ്പ്, വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനിയറിംഗിലെ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികളെ വച്ച് അന്വേഷണം നടത്തണമെന്ന് തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്നലെ ഡൽഹിയിൽ ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷുമായുള്ള കൂടിക്കാഴ്ചയിലാണ് തുഷാർ ഇക്കാര്യം ഉന്നയിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പിനെയും അറിയിച്ച് സത്വര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയപ്പാർട്ടികൾ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ പൂർണമായി സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെ സംബന്ധിച്ചും തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തി. റെയിൽവേ, ദേശീയ പാതാവികസനം, കർഷകർക്കുള്ള ആനുകൂല്യം, പുതിയ ഐ. ഐ.ടി, എയിംസ് എന്നിവയടക്കം കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിവേദനവും തുഷാർ കൈമാറി. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ സമഗ്ര വികസനത്തിനുതകുന്ന കർമ്മപരിപാടികൾക്ക് രൂപം നൽകാൻ കേന്ദ്രം തയ്യാറാണെന്ന് ബി.എൽ. സന്തോഷ് തുഷാർ വെള്ളാപ്പള്ളിയെ അറിയിച്ചു. പാർട്ടി ട്രഷറർ

അനിരുദ്ധ് കാർത്തികേയനും പങ്കെടുത്തു.