തിരുവനന്തപുരം വിമാനത്താവളം; കേസിൽ അപ്പീൽ സാദ്ധ്യത തേടുകയാണെന്ന് കടകംപളളി സുരേന്ദ്രൻ

Friday 20 November 2020 12:40 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ സാദ്ധ്യത തേടുകയാണെന്ന് വ്യക്തമാക്കി മന്ത്രി കടകംപളളി സുരേന്ദ്രൻ. കേസിൽ നിയമ നടപടി വേണ്ടെന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമനടപടികൾ ആലോചിച്ചുവരുകയാണ്. നാട്ടിലെ ചില മുതലാളികൾക്ക് മാത്രമേ വിമാനത്താവളം സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിൽ അസ്വസ്ഥത ഉണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി.

വിമാനത്താവളം അദാനിക്ക് വിട്ടു നൽകുന്നതിനെതിരെ തുടക്കം മുതൽ കടുത്ത എതിർപ്പുയർത്തിയ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിക്കാത്തത്, സർക്കാരിന് അനുകൂലമായി വിധി വരില്ലെന്ന നിയമോപദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണെന്ന് നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. വാർത്തയെ പൂർണമായും നിഷേധിച്ചാണ് മന്ത്രിയുടെ പ്രതികരണം. വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തളളിയിട്ട് ഒരു മാസത്തോളമായി.

നേരത്തെ സംസ്ഥാനസ‍ർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതടക്കം ഉളള സർക്കാർ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ടെൻഡർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്. സുപ്രീം കോടതിയിൽ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. സർക്കാരിന്റെ നീക്കം അറിഞ്ഞിട്ട് അപ്പീലിനെക്കുറിച്ച് ആലോചിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുളള വിമാനത്താവള ആക്ഷൻ കൗൺലിന്റെ തീരുമാനം.