നടിയെ ആക്രമിച്ച കേസ് : കോടതി മാറ്റം നടപ്പില്ല, നടിയും സർക്കാരും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി

Saturday 21 November 2020 12:55 AM IST

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങൾ പകർത്തിയെന്ന കേസിന്റെ വിചാരണ എറണാകുളത്തെ അഡി. സ്‌പെഷ്യൽ സെഷൻസ് കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി.

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നാരോപിച്ചാണ് സർക്കാരും ഇരയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ,ഇത്തരമൊരു ആരോപണം അടിസ്ഥാനമാക്കി ക്രിമിനൽ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. സത്യം കണ്ടെത്താനും നീതി നടപ്പാക്കാനും കോടതിയും പ്രോസിക്യൂഷനും പ്രതിഭാഗവും ഒരേ മനസോടെ പ്രവർത്തിക്കുമെന്ന് കോടതിക്ക് ഉറപ്പുണ്ടെന്നും വിധിയിൽ പറയുന്നു. വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി വിചാരണ നടപടികൾക്കുള്ള സ്റ്റേ ഒരാഴ്ച കൂടി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.

നടിയെ ആക്രമിച്ച കേസിൽ മുഖ്യസാക്ഷിയായ ഇരയെ ക്രോസ് വിസ്താരവേളയിൽ പീഡിപ്പിക്കുന്ന നിലപാടാണ് പ്രതിഭാഗം സ്വീകരിച്ചതെന്നും, രഹസ്യ വിചാരണയായിട്ടും നിരവധി അഭിഭാഷകർ കോടതിമുറിയിൽ കയറിയതു തടഞ്ഞില്ലെന്നും പ്രോസിക്യൂഷനും സർക്കാരും ആരോപിച്ചു. പല സാക്ഷികളെയും ഫേസ്ബുക്ക് പരാമർശങ്ങളുടെ പേരിൽ കോടതി വിമർശിച്ചു. അജ്ഞാത കത്തിന്റെ പേരിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെയും അന്വേഷണ ഏജൻസിയെയും അകാരണമായി വിമർശിച്ചു. പെൻ ഡ്രൈവിന്റെ പകർപ്പ് ഫോറൻസിക് പരിശോധന നടത്തി ലാബിൽ നിന്ന് നൽകിയ റിപ്പോർട്ട് പ്രോസിക്യൂഷന് നൽകിയില്ല. മറ്റു പ്രതികൾക്കുവേണ്ടി ഇരയെ വിസ്തരിച്ചു നാലുമാസം കഴിഞ്ഞാണ് ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യംറദ്ദാക്കാൻ നൽകിയ ഹർജി തീർപ്പാക്കിയില്ല. കുറ്റപത്രം ഭേദഗതിചെയ്യാനുള്ള അപേക്ഷ പരിഗണിച്ചില്ലെന്നും സർക്കാർ ആരോപിച്ചു.

എന്നാൽ, ഇതെല്ലാം കൃത്യമായ വിശദീകരണത്തോടെ കോടതി തള്ളി. ദിലീപിന്റെ അഭിഭാഷകൻ ഇരയെ വിസ്തരിക്കാൻ വൈകിയത് പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാ ഫലം വൈകിയതിനാലാണ്. ദിലീപിന്റെ ഹർജിയിൽ സുപ്രീംകോടതിയാണ് ഇതിന് അനുമതി നൽകിയത്. വിചാരണ കഴിയും വരെ ഇൗറിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും ,പ്രതിക്കോ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ മാത്രമേ നൽകാവൂ എന്നും സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്. ഇതിനെ നിയമപരമായി ചോദ്യം ചെയ്യാത്ത സാഹചര്യത്തിൽ, ജഡ്ജിയുടെ നടപടി പക്ഷപാതപരമാണെന്ന് പറയാനാവില്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മൂന്ന് മാസത്തോളം വിചാരണ നീട്ടിവയ്ക്കേണ്ടിവന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.