ഇ.ഡിക്കെതിരായ ആരോപണം വെറുതെ, ശബ്‌ദരേഖയിൽ അങ്ങനെയൊരു ആരോപണമില്ല

Friday 20 November 2020 10:01 PM IST

തിരുവനന്തപുരം: സ്വപ്നയുടെ ശബ്ദരേഖയിലെ ആരോപണം ഏത് കേന്ദ്രഏജൻസിക്കെതിരെയാണെന്ന് വ്യക്തമല്ലെങ്കിലും, ആരോപണ ശരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ തിരിച്ചുവിടുകയാണ് സർക്കാരും പാർട്ടിയും. 35സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദരേഖയിലൊരിടത്തും ഇ.ഡിയെക്കുറിച്ച് പരാമർശമില്ല. ശബ്ദരേഖ പുറത്തുവിട്ട ഇടതുപക്ഷ പോർട്ടാണ് ഇ.ഡിയെക്കുറിച്ചാണ് ആരോപണമെന്ന് പ്രചരിപ്പിച്ചത്. ആറിന് മൊഴിയെടുത്ത ഏജൻസിയെക്കുറിച്ചാണ് സ്വപ്ന പറയുന്നത്. നവംബർ രണ്ടിന് വിജിലൻസും മൂന്നിനും പത്തിനും ഇ.ഡിയും 18ന് കസ്റ്റംസും ചോദ്യംചെയ്തു. ആറിന് ചോദ്യംചെയ്തിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കുന്നു.

ശിവശങ്കറിനു പുറമെ മുഖ്യമന്ത്റിയുടെ ഓഫീസിലെ സംഘത്തിന് സ്വർണക്കടത്ത് അറിയാമായിരുന്നെന്ന് സ്വപ്ന ഇ.ഡിയോട് വെളിപ്പെടുത്തിയത് പത്താം തീയതിയാണ്. ഈ ദിശയിലേക്കുള്ള അന്വേഷണം വഴിതെറ്റിക്കാനാണ് ശബ്ദരേഖ ആസൂത്രിതമായി പുറത്തിവിട്ടതെന്നാണ് ഇ.ഡി പറയുന്നത്. ഒക്ടോബർ 14നാണ് സ്വപ്നയെ കൊച്ചിയിൽ നിന്ന് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. കൊഫെപോസ ചുമത്തിയതിനാൽ ഇതുവരെ പുറത്തുകൊണ്ടുപോയിട്ടില്ല. അട്ടക്കുളങ്ങര ജയിലിൽ എത്തുന്നതിനു മുൻപുള്ള സന്ദേശമാണെന്ന സൂചനയാണു ജയിൽവകുപ്പ് നൽകുന്നത്. അങ്ങനെയെങ്കിൽ എറണാകുളം ജില്ലാ ജയിലിലോ വിയ്യൂർ ജയിലിലോ വച്ചോ റിമാൻഡ് നീട്ടാൻ കോടതിയിൽ ഹാജരാക്കിയപ്പോഴോ സ്വപ്നയെ നേരിൽ കണ്ടു സംസാരിച്ച ആരോ റെക്കോർഡ് ചെയ്തു സൂക്ഷിച്ചതാണെന്നു കരുതണം.

കേന്ദ്രഏജൻസികൾക്ക് പുറമെ, ഐ.ടി വകുപ്പിന്റെ സ്പേസ് പാർക്കിൽ വ്യാജബിരുദ സർട്ടഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയതിന് കന്റോൺമെന്റ് പൊലീസും ലൈഫ് കോഴക്കേസിൽ വിജിലൻസും സ്വപ്നയെ ചോദ്യംചെയ്തിരുന്നു. വിജിലൻസ് സംഘത്തിന്റെ ഫോൺ ജയിൽ കവാടത്തിൽ പിടിച്ചുവച്ചില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശബ്ദസന്ദേശത്തിൽ " ഇന്ന് എന്റെ വക്കീല് പറഞ്ഞത് " എന്നൊരു ഭാഗമുണ്ട്. അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയെ അഭിഭാഷകൻ കണ്ടിട്ടില്ല. അതിനാൽ ശബ്ദ രേഖ റെക്കാർഡ് ചെയ്തത് തിരുവനന്തപുരത്തു വച്ചല്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ''അവർ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്​റ്റേ​റ്റ്‌മെന്റ് വായിക്കാൻ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്റോൾ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാൻ പറഞ്ഞു''- എന്നൊരു ഭാഗവും ശബ്ദരേഖയിലുണ്ട്. മൊഴി കടലാസിലല്ല, കമ്പ്യൂട്ടറിലാണ് കാട്ടിയതെന്ന് ഇതിലൂടെ വ്യക്തമാവുന്നുണ്ട്.

ജയിലിലെ മൊഴിയെടുപ്പ്

  • ജയിലർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലാവണം ജയിലിൽ പ്രതികളെ ചോദ്യംചെയ്യേണ്ടത്
  • മൊഴി വ്യക്തമായി രേഖപ്പെടുത്തുകയും ഓരോ പേജിലും ജയിൽ ഉദ്യോഗസ്ഥർ സാക്ഷികളായി ഒപ്പുവയ്ക്കുകയും വേണം
  • ജയിലിലെ ചോദ്യംചെയ്യലിൽ പ്രതികളെ ഭീഷണിപ്പെടുത്താനോ മർദ്ദിക്കാനോ പ്രേരിപ്പിക്കാനോ പാടില്ല
  • ജയിലിൽ സിസിടിവി നിരീക്ഷണത്തിലുള്ള സ്ഥലത്താണ് ചോദ്യംചെയ്യൽ. ഇത് അന്വേഷണത്തിൽ നിർണായകമാവും.