അധിക്ഷേപ കേസിൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം, പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ ഗവർണർ അംഗീകാരം നൽകി

Saturday 21 November 2020 9:55 AM IST

തിരുവനന്തപുരം:സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി.അധിക്ഷേപ കേസിൽ ഇനി മുതൽ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം.

സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, വ്യാജ വാർത്തകൾ തുടങ്ങിയവയ്ക്ക് പൊലീസിന് കേസെടുക്കാം. ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടാനാണെന്ന് ആക്ഷേപമുണ്ട്.കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയ നടപടി മാദ്ധ്യമങ്ങൾക്ക് എതിരല്ലെന്ന് നിയമമന്ത്രി എ.കെ.ബാലൻ നേരത്തെ പറഞ്ഞിരുന്നു.പൗരൻമാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ് 2011 ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു

കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2000ത്തിലെ ഐ ടി ആക്ടിലെ 66എ വകുപ്പിൽ ,കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ വ്യക്തിയെ ആക്ഷേപിക്കുന്ന സംഭവങ്ങളിൽ മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. 2015ൽ 66 എ വകുപ്പും കേരള പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പും സുപ്രീം കോടതി റദ്ദാക്കി. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് എതിരാണെന്ന കണ്ടെത്തലിലാണിത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആർക്കും ആരെയും എന്തും പറയാമെന്ന അവസ്ഥയായി.അശ്ലീലഭാഷ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തിഹത്യ സർവസാധാരണമായി. ഇതിനു പരിഹാരം കാണാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നായിരുന്നു മന്ത്രി പറഞ്ഞത്.