കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും വികസനം തകർക്കുന്നു; എ. വിജയരാഘവൻ

Sunday 22 November 2020 12:00 AM IST

മലപ്പുറം: കേരളത്തിന്റെ വികസനം തകർക്കാനും സർക്കാരിനെ ദുർബലപ്പെടുത്താനും പ്രതിപക്ഷത്തിനൊപ്പം കേന്ദ്ര ഏജൻസികളും പ്രവർത്തിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ നടപടിക്കെതിരെ 25ന് തദ്ദേശ ഭരണ കേന്ദ്രങ്ങളിൽ ആയിരങ്ങൾ അണിനിരക്കുന്ന ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയനീക്കം പ്രതിരോധിക്കും.

സംസ്ഥാനത്തെ വികസന പദ്ധതികൾ സ്തംഭിപ്പിക്കുകയാണവർ. ഇ.ഡി തന്നെ വാർത്തകളുണ്ടാക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ. അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരേണ്ടവർ വിവരങ്ങൾ ചോർത്തി നൽകുന്നത് രാഷ്ട്രീയമാണ്. എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന തന്ത്രം വിലപ്പോവില്ല. നിർഭയനാണ് മുഖ്യമന്ത്രി. സത്യം കണ്ടെത്താനാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ ക്ഷണിച്ചത്.