എൽ.എസ്.ഡിയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ

Saturday 21 November 2020 11:36 PM IST

ഒരു ലക്ഷത്തിലേറെ രൂപ വിലവരും

പെരുമ്പാവൂർ: ന്യൂജെൻ മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകളുമായി രണ്ടു ബൈക്കുകളിലെത്തിയ വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കളെ പെരുമ്പാവൂരിൽ സ്വകാര്യ ബസ്‌ സ്റ്റാൻഡ് പരിസരത്തുനിന്ന് പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം കോട്ടക്കൽ കൂട്ടേരിവീട്ടിൽ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേവീട്ടിൽ ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് വളപ്പിൽ അമൽദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. അമൽദേവ് വിദ്യാർത്ഥിയാണ്. വില്പനയ്ക്കായി കൊണ്ടുവന്ന നാല്പത്തഞ്ച് മയക്കുമരുന്ന് സ്റ്റാമ്പുകൾ പിടിച്ചെടുത്തു. പൊതുമാർക്കറ്റിൽ ഇതിന് ഒരു ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ. മധുബാബു, പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോൻ, എസ്.എച്ച്.ഒ. സി. ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.