മുന്നാക്ക സംവരണത്തെ എതിർത്ത കോൺഗ്രസ് നേതാവിന്റെ സീറ്റ് തെറിച്ചു

Sunday 22 November 2020 12:17 AM IST

തിരുവനന്തപുരം:മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ എതിർത്തതിന് കോൺഗ്രസ് നേതാവിനെയും പിന്നാക്കക്കാരായ ഇരുപത്തിയഞ്ചോളം കോൺഗ്രസ് നേതാക്കളെയും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് വെട്ടിനിരത്തി.

കെ.പി.സി.സി ഒ.ബി.സി വിഭാഗം സംസ്ഥാന ചെയർമാനും, പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതനെയും സംഘത്തെയുമാണ് തഴഞ്ഞത്. കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ദളിത്, പിന്നാക്ക, മുസ്ലീം പ്രാതിനിദ്ധ്യം കുറവാണെന്ന് എ. ഐ. സി. സിക്ക് പരാതി നൽകിയതും സുമേഷിനെ വെട്ടാൻ കാരണമായതായി പറയുന്നു. കോൺഗ്രസിൽ വി.ടി. ബൽറാം എം. എൽ. എ കഴിഞ്ഞാൽ മുന്നാക്ക സംവരണത്തെ പരസ്യമായി എതിർത്ത പ്രമുഖ നേതാവ് സുമേഷ് അച്യുതനാണ്.കോൺഗ്രസ് നേതാവും മുൻ ചിറ്റൂർ എം.എൽ.എയുമായ

കെ.അച്യുതന്റെ മകനാണ് സുമേഷ്.

കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്ത് പട്ടഞ്ചേരി ഡിവിഷനിലേക്ക് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഏകകണ്ഠമായി നൽകിയത് സുമേഷിന്റെ പേരായിരുന്നു. എന്നാൽ, സുമേഷിനെ വെട്ടി,‌ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാൾക്കാണ് സീറ്റ് നൽകിയത്. ചിറ്റൂർ തത്തമംഗലം മുൻ നഗരസഭാ ചെയർമാൻ കെ.മധു, പാലക്കാട് നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.ഭവദാസ്, പട്ടഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എസ്.ശിവദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ തുടങ്ങി സുമേഷുമായി അടുപ്പം പുലർത്തുന്ന പിന്നാക്കക്കാരായ 25ഓളം പേർക്കും സീറ്റ് നിഷേധിച്ചു. പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ മുൻകൈയെടുത്താണ് വെട്ടിനിരത്തിയതെന്നാണ് ആരോപണം.

മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ദളിത് , പിന്നാക്ക, മുസ്ലീം പ്രാതിനിദ്ധ്യം കുറവാണെന്ന് ജനസംഖ്യാ കണക്കുകൾ നിരത്തി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് സുമേഷ് അച്യുതൻ പരാതി നൽകിയിരുന്നു. വെട്ടിനിരത്തലിന് ഇതും കാരണമായതായി പറയുന്നു.