ലൈഫ് പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്

Sunday 22 November 2020 12:30 AM IST

തിരുവനന്തപുരം:മറ്റൊരു പദ്ധതി പ്രകാരം തുക അനുവദിച്ച് വീടു നിർമ്മാണം നടക്കവേ, ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ തുക അനുവദിച്ച് ക്രമക്കേട് കാട്ടിയെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്.നഷ്ടമായ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നാണ് ഓഡിറ്റ് നിർദ്ദേശം.

2018-19ൽ വയനാട് സുൽത്താൻ ബത്തേരി ബ്ലോക്കിലെ ലൈഫ് മിഷൻ ഒന്നാംഘട്ട പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് വിമർശനം.

339 പട്ടികവർഗ്ഗക്കാർക്കും 26 പട്ടിക ജാതിക്കാർക്കും ഉൾപ്പെടെ 443 വീടുകൾക്കായി 8.92 കോടി രൂപയാണ് ചെലവാക്കിയത്. ഇന്ദിരാ ആവാസ് യോജനയിൽ ചെയ്ത പ്രവൃത്തികൾക്ക് ലൈഫ് പദ്ധതിയിൽ വീണ്ടും എസ്റ്റ്മേറ്റ് തയ്യാറാക്കി തുക അനുവദിച്ചു എന്നാണ് പ്രധാന ആരോപണം. ജനറൽ,​ എസ്. സി വിഭാഗങ്ങളിൽ ഐ.എ വൈ പദ്ധതിയിൽ പൂർത്തിയാക്കാത്ത വീടുകൾക്ക് ശേഷിക്കുന്ന തുകയാണ് അനുവദിക്കേണ്ടിയിരുന്നത്.

എന്നാൽ, മേൽക്കൂരവരെ പണിത വീടുകൾക്ക് വീണ്ടും എസ്റ്റിമേറ്റിൽ മൺപണി,തറ, ഭിത്തി ഇനങ്ങൾ ഉൾപ്പെടുത്തി തുക അനുവദിച്ചു.

പൂർത്തീകരിക്കാത്ത വീടുകളുടെ ഫണ്ട് അനർഹർക്ക് കിട്ടിയെന്നും കരാറുകാർക്ക് ചെയ്യാത്ത പണികൾക്ക് പണം നൽകിയതിനാൽ സർക്കാരിന് ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും വിമർശനമുണ്ട്.

മറ്റ് ഓഡിറ്റ് വിമർശനങ്ങൾ

 ഐ.എ.വൈ വീടുകൾ ലൈഫിൽ എസ്റ്റിമേറ്റ് അനുവദിച്ചിട്ടും പൂർത്തിയാക്കിയില്ല.

നിലവാരം കുറഞ്ഞ ഷീറ്റ് ഉപയോഗിച്ചു

 ശുചിമുറിയും അടുക്കളയും നിർമ്മിക്കാതെ തുക അനുവദിച്ചു

ലൈഫിൽ പൂർത്തിയാക്കാത്ത വീടുകളെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി.

 പ്രോജക്ട് തയ്യാറാക്കാതെ തുക അനുവദിച്ചു.

ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രവിഹിതത്തിന്റെ കണക്ക് സൂക്ഷിക്കുന്നില്ല

കരാറുകാരന്റെ ലാഭവിഹിതം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയതിനാൽ ബോക്ക് പഞ്ചായത്തിന് 11.33 ലക്ഷം രൂപ നഷ്‌ടമായി.

സാമൂഹ്യ ഓഡിറ്റ് നടത്തിയില്ല

കാരണമില്ലാതെ എസ്റ്റിമേറ്റ് പുതുക്കി കൂടുതൽ തുക ചെലവിട്ടു.

വാർഡ് തല മൈക്രോ പ്ലാൻ തയ്യാറാക്കിയില്ല.

പണി തീരാത്ത കെട്ടിടങ്ങൾ പൂർത്തിയാക്കാൻ ബ്ലോക്ക് തല ഏജൻസികൾ രൂപീകരിച്ചില്ല.