പരിരക്ഷ എളുപ്പം നേടാൻ എൽ.ഐ.സിയുടെ 'ആനന്ദ"
Monday 23 November 2020 3:59 AM IST
ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ ഏജന്റിന്റെ സഹായത്താൽ കടലാസ്‌രഹിത നടപടികളോടെ എളുപ്പം നേടാൻ സഹായിക്കുന്ന ആത്മനിർഭർ ഏജന്റ്‌സ് ന്യൂ ബിസിനസ് ഡിജിറ്റൽ ആപ്ളിക്കേഷൻ (ആനന്ദ) എൽ.ഐ.സി പുറത്തിറക്കി. മുംബയിൽ നടന്ന ചടങ്ങിൽ എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാർ ആപ്പ് അവതരിപ്പിച്ചു.
മാനേജിംഗ് ഡയറക്‌ടർമാരായ ടി.സി. സുശീൽകുമാർ, മുകേഷ് കുമാർ ഗുപ്‌ത, രാജ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൊവിഡ് കാലത്ത് സാമൂഹിക അകലം 'ന്യൂ നോർമൽ" ആയി മാറിയ പശ്‌ചാത്തലത്തിൽ ഏജന്റുമാരെ നേരിൽ കാണാതെ തന്നെ പുതിയ ഇൻഷ്വറൻസ് പോളിസി എടുക്കാൻ സഹായിക്കുന്നതാണ് ആനന്ദ ഡിജിറ്റൽ ആപ്ളിക്കേഷനെന്ന് എം.ആർ. കുമാർ പറഞ്ഞു. ഉപഭോക്താക്കൾക്ക് വീട്/ഓഫീസ് തുടങ്ങി എവിടെ നിന്നും പുതിയ എൽ.ഐ.സി ഈ ആപ്പ് വഴി വാങ്ങാം. ഇന്ത്യൻ ലൈഫ് ഇൻഷ്വറൻസ് മേഖലയിൽ ഇത്തരത്തിലൊരു ആപ്ളിക്കേഷൻ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.