ആയുർവേദത്തിൽ ശസ്‌ത്രക്രിയ അനുമതി സ്പെഷ്യലൈസ്ഡ് ഡോക്ടർമാർക്ക് മാത്രം
ന്യൂഡൽഹി: ആയുർവേദത്തിൽ ശസ്‌ത്രക്രിയ നടത്താൻ സ്പെഷ്യലൈസ്ഡ് ഡോക്ടർമാർക്ക് മാത്രമാണ് അനുമതി നൽകുന്നതെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കി.
ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്സിലെ ശല്യതന്ത്ര,ശാലാക്യതന്ത്ര വിഭാഗങ്ങൾക്ക് മാത്രമാണ് വിജ്ഞാപനം ബാധകം. ഇവ രണ്ടും ആയുർവേദ മെഡിക്കൽ കോളേജുകളിലെ രണ്ട് വിഭാഗങ്ങളാണ്. ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്സിനിടെ 58 തരം ശസ്ത്രക്രിയകൾ പഠിക്കുന്നുണ്ട്. മൊഡേൺ മെഡിസിൻ വിദ്യാർത്ഥിയെ പോലെ പരീക്ഷണ, നിരീക്ഷണങ്ങളിൽ ഇവരും ഏർപ്പെടുറുണ്ട്. ഈ പഠനങ്ങൾ ചികിത്സയിൽ പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം.സാധാരണ ബിരുദാനന്തര ബിരുദം നേടുന്നവർക്കല്ല മറിച്ച് ഒരു വിഭാഗത്തിൽ സ്പെഷ്യലൈസേഷൻ നേടുന്ന സ്പെഷ്യലൈസ്ഡ് ഡോക്ടർമാർക്കാകും ശസ്ത്രക്രിയ നടത്താനുള്ള അനുമതി. അതും കൃത്യമായി പരിശീലനം നൽകിയതിന് ശേഷം മാത്രം. അതിന് ആവശ്യമായ മാറ്റമാണ് സിലബസിൽ വരുത്തിയത്.
മൊഡേൺ മെഡിസിനെ പോലെ തന്നെ യന്ത്രങ്ങളും ഉപകരണങ്ങളും ആയുർവേദത്തിലുമുണ്ട്. ആയുർവേദത്തെയും മൊഡേൺ മെഡിസിനെയും സംയോജിപ്പിക്കാനല്ല നീക്കം. ആയുർവേദം ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഒരു കൂട്ടിക്കലർത്തലുകളിലും ആയുർവേദം ചേരില്ല.