ആദായ നികുതി ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിലെ കവർച്ച, അനുജൻ അറസ്‌റ്റിൽ

Sunday 22 November 2020 11:26 PM IST
ജോവി ജോർജ്

കൊച്ചി: ആദായനികുതി ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിൽ നിന്ന് 12 ലക്ഷം രൂപയുടെ 30 പവൻ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച കേസിൽ സഹോദരൻ മൂവാറ്റുപുഴ നെല്ലാട് മുട്ടംതോട്ടിൽ വീട്ടിൽ ജോവി ജോർജിനെ (37) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. പനമ്പള്ളിനഗറിലെ 73ാം നമ്പർ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന വിജോ ജോർജിന്റെ അനുജനായ ഇയാളെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്.

കഴിഞ്ഞ 29നായിരുന്നു സംഭവം. വിജോയുടെ ഭാര്യയുടെ ചേച്ചിയുടെ സ്വർണമാണ് മോഷ്‌ടിക്കപ്പെട്ടത്. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ചീട്ട് കളിയിലുണ്ടായ കടം തീർക്കാനാണ് മോഷണം നടത്തിയത്. ഇയാളിൽ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെടുത്തു. പണയം വച്ച 15.5 പവനും വീണ്ടെടുത്തു. ജോവി മൂന്നു മാസം മുമ്പ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നു. അന്ന് അയാൾക്ക് വിജോ സ്‌ക്കൂട്ടറും വീടിന്റെ സ്‌പെയർ താക്കോലും നൽകിയിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് പ്രതി വീട് തുറന്നത്.

പരാതിക്കാരിയും കുടുംബവും മൂവാറ്റുപുഴയിൽ നിർമിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിന് പോയപ്പോഴായിരുന്നു മോഷണം. സ്വർണാഭരണങ്ങളിൽ കുറച്ച് മൂവാറ്റുപുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയം വച്ചു. ബാക്കി പെരുമ്പാവൂരിലുള്ള സ്ഥാപനത്തിൽ വിറ്റു. തുടർന്ന് ബംഗളൂരു, മുംബയ് തുടങ്ങിയ സ്ഥലങ്ങളിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയപ്പോഴാണ് സൗത്ത് എസ്‌.ഐ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.