സ്വർണക്കടത്ത് കേസ്; ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് കോടതിയുടെ അനുമതി

Monday 23 November 2020 12:36 PM IST

കൊച്ചി: സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് കോടതിയുടെ അനുമതി. കേസിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചുവെന്ന് കസ്‌റ്റംസ് എറണാകുളം സെഷൻസ് കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് അറസ്‌റ്റിന് കോടതി അനുമതി നൽകിയത്. കു‌റ്റം ചുമത്തപ്പെട്ടയാൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അറസ്‌റ്റിന് കസ്‌റ്റംസ് അനുമതി തേടിയിരുന്നത്.

നിലവിൽ എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയിൽ കാക്കനാട് ജയിലിൽ കഴിയുന്ന ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേ‌ക്ക് ഇന്ന് മാ‌റ്റിയിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്നും ശിവശങ്കർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.

അതേസമയം, സ്വ‌പ്‌നയുടെയും സരിത്തിന്റെയും കസ്‌റ്റഡി ആവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അ‌റ്റാഷെയും കോൺസുൽ ജനറലും നിയമവിരുദ്ധമായി ഡോളർ സംഘടിപ്പിക്കുകയും കടത്തുകയും ചെയ്‌തെന്ന് കസ്‌റ്റംസ് കോടതിയെ അറിയിച്ചു. കേസിൽ സ്വ‌പ്‌നയെയും സരിത്തിനെയും ഏഴ് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. മുൻപ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയിലെടുത്ത സമയത്ത് ശിവശങ്കറിനെ കസ്‌‌റ്റംസും ചോദ്യം ചെയ്‌തിരുന്നു.