ശമ്പളമില്ലാതെ ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകർ

Monday 23 November 2020 1:06 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്തെ ബുദ്ധിമുട്ടുകൾക്ക് പുറമെ, രണ്ട് മാസമായി ശമ്പളമില്ലാതെ വലയുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 270 ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ 342 അദ്ധ്യാപകർ. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ശമ്പളം നിഷേധിക്കുന്നത്. ഇവരുടെ ശമ്പളം മുടങ്ങുന്നത് പുത്തരിയല്ല. 2019 സെപ്തംബർ മുതൽ 2020 ഫെബ്രുവരി വരെയുള്ള ആറ് മാസത്തെ ശമ്പളം മുടങ്ങിയിരുന്നു. നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ കുടിശ്ശിക അനുവദിച്ചത്. വീണ്ടും ശമ്പളം ലഭിക്കാതായതോടെ, പട്ടിണിയിലാണ് ഇവരുടെ കുടുംബങ്ങൾ.

18,500 രൂപയാണ് ഇവരുടെ ശമ്പളം. ചെലവുകളെല്ലാം കഴിഞ്ഞ് തുച്ഛമായ തുക പോലും നീക്കിവയ്ക്കാൻ കഴിയാറില്ല. ഏകാദ്ധ്യാപക വിദ്യാലയമായതിനാൽ ഹെഡ്മാസ്റ്ററുടേത് മുതൽ എല്ലാ ജോലികളും ഒരാൾ തന്നെ ചെയ്യണം. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങളും പഠിപ്പിക്കണം. സ്കൂൾ ആദിവാസി മേഖലയിലോ തീരപ്രദേശത്തോ ആയതിനാൽ പല അദ്ധ്യാപകരും വീട് വിട്ട് സ്കൂളിന് സമീപം താമസിച്ചാണ് ജോലി ചെയ്യുന്നത്. സ്ഥിര നിയമനം നൽകണമെന്ന വർഷങ്ങളായുള്ള ആവശ്യത്തോടും മുഖം തിരിച്ച് നിൽക്കുകയാണ് സർക്കാർ.

കൊവിഡിലും ഓൺ ഡ്യൂട്ടി

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മറ്റ് സ്കൂളുകളിൽ ഓൺലൈനായാണ് ക്ലാസുകൾ നടക്കുന്നതെങ്കിലും ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകർ ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്തുന്നുണ്ട്. സ്കൂളുകൾ പലതും വനമേഖലയിലായതിനാൽ ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ലാത്തതിനാലാണ് ഇവർ കുട്ടികളെ നേരിൽ കാണാൻ മല കയറുന്നത്. പലയിടത്തും മൊബൈൽ ഫോണിന് റെയ്ഞ്ചില്ലാത്തതിനാൽ കുട്ടികളെ ബന്ധപ്പെടാനാകില്ല. ടി.വി അടക്കമുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികളുടെ വീട്ടിൽ ഒരുക്കിയിട്ടുണ്ടെങ്കിലും കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുക്കാനുള്ള സമയമോ വിദ്യാഭ്യാസമോ രക്ഷാകർത്താക്കൾക്കില്ല. തങ്ങളെത്താതെ കുട്ടികൾ പഠിക്കില്ലെന്നു മനസിലാക്കിയതോടെയാണ് ശമ്പളം ലഭിക്കുന്നില്ലെങ്കിലും സ്കൂളിലെത്തുന്നതെന്ന് അദ്ധ്യാപക‌ർ പറയുന്നു.

 ശമ്പളം മുടങ്ങിയതോടെ എല്ലാവരും കടുത്ത ബുദ്ധിമുട്ടിലാണ്. കൊവി‌ഡാണെങ്കിലും ജൂൺ മുതൽ സ്കൂളിലെത്തുന്നുണ്ട്. മറ്റ് വരുമാനങ്ങളൊന്നുമില്ലാത്തവരാണ് ഭൂരിഭാഗം അദ്ധ്യാപകരും. ശമ്പളം കിട്ടിയില്ലെങ്കിൽ സമരത്തിനിറങ്ങേണ്ടി വരും.

- ഉഷാകുമാരി,

അദ്ധ്യാപിക, അമ്പൂരി കുന്നത്തുമല

ഏകാദ്ധ്യാപക വിദ്യാലയം