കടുത്ത വയറുവേദന അവഗണിച്ച് രോഗിയ്‌ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Monday 23 November 2020 5:33 PM IST

റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷൻ തിയേറ്ററില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. തെക്ക് - പടിഞ്ഞാറൻ സൗദി അറേബ്യയിലെ അസിർ പ്രവിശ്യയിലെ ഖാമിസ് മുഷൈത്ത് ആശുപത്രിയിലാണ് സംഭവം. ഓര്‍ത്തോപീഡിക് സര്‍ജൻ ഡോ. മഹ്‍ദി അൽ ഇമാറിയാണ് മരിച്ചത്.

ശസ്‍ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറിന് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ രോഗിയ്ക്ക് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമായെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ജീവിതത്തിന്റെ അവസാന നിമിഷം വരെ തനിക്ക് സാധ്യമാകുന്നതെല്ലാം രോഗിയ്ക്ക് വേണ്ടി അദ്ദേഹം ചെയ്തുവെന്നും ജോലിയ്ക്കിടയിലെ രക്തസാക്ഷിയാണ് അദ്ദേഹമെന്നും ആശുപത്രിയിലെ ഓർത്തോപീഡിക് ഡിപ്പാർട്ട്മെന്റിന്റെ തലവൻ ഡോ. മജീദ് അൽ ഷെഹ്‌രി അനുസ്മരിച്ചു.