ഒത്തുതീർപ്പ് പുറത്തായി: കെ.സുരേന്ദ്രൻ

Tuesday 24 November 2020 10:30 PM IST

കോട്ടയം : ബാർക്കോഴ കേസിന്റെ അന്വേഷണം കെ.എം. മാണി വന്നു കണ്ടതിന് ശേഷം മുഖ്യമന്ത്രി അവസാനിപ്പിച്ചെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തൽ യു.ഡി.എഫ് - എൽ.ഡി.എഫ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനു പിന്നിൽ സാമ്പത്തിക താത്പര്യങ്ങളാണ്. ഇരുമുന്നണികളുടെയും നേതാക്കൾക്ക് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകളുണ്ട്. ബാർക്കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജു രമേശിനോട് ആരോപണത്തിൽ ഉറച്ച് നിൽക്കാൻ പറഞ്ഞശേഷം പിണറായി പിന്മാറുകയായിരുന്നു. ഇതിൽ പിണറായിക്ക് എന്ത് ലാഭമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം. ഇ.ഡിക്ക് അഴിമതിയും കള്ളപ്പണവും അന്വേഷിക്കാനുള്ള അധികാരമുണ്ട്. നിയമസഭ അവകാശ ലംഘനത്തിന് നോട്ടീസ് നൽകേണ്ടത് മന്ത്രി തോമസ് ഐസക്കിനാണ്. ഇടതുസർക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കെതിരെ ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.