കരിനിയമം ഇല്ലാതാക്കാനും വേണം ഓർഡിനൻസ്
തിരുവനന്തപുരം:പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പ് ഇറക്കിയതു കൊണ്ടുമാത്രം ഈ കരിനിയമം ഇല്ലാതാവില്ല. ഈ ഭേദഗതി ആവശ്യമില്ലെന്ന് പുതിയ ഓർഡിനൻസ് ഇറക്കുംവരെ നിയമം നിലനിൽക്കും.നിയമം ഉണ്ടാക്കിയ ശേഷം നടപ്പാക്കരുതെന്ന് പറയാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ കഴിയില്ലെന്ന് ജസ്റ്റിസ് ബി.കെമാൽപാഷ കേരളകൗമുദിയോട് പറഞ്ഞു. ഗവർണർ ഒപ്പിട്ട ഓർഡിനൻസിന് ആറു മാസത്തേക്ക് നിയമസാധുതയുണ്ട്. നിയമം മരവിപ്പിക്കൽ ഭരണഘടനയിൽ ഇല്ലാത്തതാണ്. ഇപ്പോഴത്തെ നിയമഭേദഗതി വേണ്ടെന്ന് നിയമവകുപ്പ് പുതിയ ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് അയയ്ക്കണം. ഗവർണർ അതിൽ ഒപ്പിട്ടാലേ വിവാദ നിയമം ഇല്ലാതാവൂ. ഗവർണർക്ക് പുതിയ ഓർഡിനൻസിൽ ഒപ്പിടാതിരിക്കാനും തിരിച്ചയയ്ക്കാനും വിവേചനാധികാരമുണ്ട്.നിയമഭേദഗതി വാക്കാൽ റദ്ദാവില്ലെന്നും, ചട്ടപ്രകാരം പിൻവലിക്കണമെന്നും മുൻ നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് പറഞ്ഞു. പുതിയ ഭേദഗതി ഉടനടി പ്രാബല്യത്തിൽ വരുന്നതായാണ് ഓർഡിനൻസിലുള്ളത്. സംസ്ഥാനത്ത് ഈ നിയമം നിലവിലുണ്ട്. ന്യൂനതകൾ ചൂണ്ടിക്കാട്ടി ഓർഡിനൻസ് പിൻവലിക്കുകയാണ് വേണ്ടത്. നിയമം മരവിപ്പിക്കാൻ ഭരണഘടനയിൽ വകുപ്പില്ല. മനോവിഷമമുണ്ടായാൽപ്പോലും കേസെടുക്കുമെന്നാണ് പുതിയ നിയമത്തിലുള്ളത്. ഒരാളുടെ മനോവിഷമം എങ്ങനെയാണ് പൊലീസ് അളക്കുക. അശ്രദ്ധമായും അവ്യക്തമായുമാണ് നിയമം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നിട്ടും കുതന്ത്രം
*വിവാദ നിയമഭേദഗതി വളഞ്ഞവഴിയിലൂടെ നടപ്പാക്കാൻ കുതന്ത്രങ്ങളുമായി പൊലീസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള അപകീർത്തി മാത്രമാക്കിയും, മുഖ്യധാരാ മാദ്ധ്യമങ്ങളെ ഒഴിവാക്കിയും പുതിയ ഓർഡിനൻസിറക്കാമെന്നാണ് ഒരു തന്ത്രം. ഇതും ഭരണഘടനാവിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു
* സി.ആർ.പി.സി സെക്ഷൻ199 ബാധകമാക്കിയാൽ ഭരണഘടനാവിരുദ്ധത മാറുമെന്ന നിലപാടും പൊലീസിനുണ്ട്. അപകീർത്തി നേരിട്ടയാൾ തന്നെ പരാതി നൽകണം. മറ്റാരെങ്കിലും പരാതി നൽകിയാലോ പൊലീസിന്റെ ബോദ്ധ്യത്തിലോ കേസ് പറ്റില്ല. ഇതും ദുരുപയോഗിക്കപ്പെടും
വിവാദ നിയമം ഇന്ന് ഹൈക്കോടതിയിൽ
വിവാ ദനിയമഭേദഗതി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സ്റ്റേ ചെയ്തേക്കും. ഭരണഘടനാവിരുദ്ധതയും അവ്യക്തതയും കൃത്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ഐ.ടി ആക്ടിലെ 66എ 2015ൽ സുപ്രീം കോടതി റദ്ദാക്കിയത്. എന്താണു കുറ്റകൃത്യമെന്നു നിർവചിക്കാൻ നിയമത്തിനോ കുറ്റാരോപിതർക്കോ കഴിയില്ലെന്നതടക്കം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെല്ലം പൊലീസ് നിയമഭേദഗതിയിലുമുണ്ട്.